സുൽത്താൻ ബത്തേരി: ഓടപ്പള്ളം ഗവ. ഹൈസ്‌ക്കൂളിൽ പ്രവർത്തിച്ചു വരുന്ന ഇംഗ്ലീഷ് ലാബിൽ (ലാംഗ്വേജ് ലബോറട്ടറി) രാജ്യാന്തര ക്ലാസ്സ് റൂം ചർച്ചകൾക്ക് തുടക്കം കുറിച്ചു. ആദ്യ ചർച്ചയിൽ ഹോളണ്ടിലെ പോട്സ്‌ക്യാംപ്സ്ട്രാറ്റ് സ്‌ക്കൂളിലെ വിദ്യാർത്ഥികളുമായി ഓടപ്പള്ളം സ്‌ക്കൂൾ വിദ്യാർത്ഥികൾ സംവദിച്ചു. വീഡിയോ കോൺഫറൻസിൽ ഇരുരാജ്യങ്ങളെയും സംബന്ധിച്ച കാര്യങ്ങൾ കുട്ടികൾ പരസ്പരം ചോദിച്ചറിഞ്ഞു.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരുമണിക്കു നടന്ന ചർച്ചയിൽ (ഹോളണ്ടിൽ രാവിലെ 8.30) സ്‌ക്കൂളിനെ സംബന്ധിച്ച വിവരങ്ങൾ, രാജ്യങ്ങളിലെ കായികവിനോദങ്ങൾ, പ്രദേശങ്ങൾ തുടങ്ങിയവയെപ്പറ്റി ചർച്ച നടന്നു. ഇരുരാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ പരിചയപ്പെട്ടു. വിവിധ വാദ്യോപകരണങ്ങൾ കുട്ടികൾ പരസ്പരം പരിചയപ്പെടുത്തി. ഓരോ രാജ്യത്തെയും പഠനവിധേയമാക്കാവുന്ന കൂടുതൽ വസ്തുതകൾ ഉൾപ്പെടുത്തി കത്തുകൾ, വിവരണങ്ങൾ, ചിത്രങ്ങൾ എന്നിവ കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത ക്ലാസ്സ്റൂം ചർച്ച ഹംഗറിയിലുള്ള വിദ്യാർത്ഥികളുമായി ഫെബ്രുവരി ആദ്യവാരം നടക്കും.

നീക്ക് ഷെഫർ എന്ന അദ്ധ്യാപകനാണ് ഹോളണ്ടിലെ ക്ലാസ്സ് മുറിയിൽ കുട്ടികളെ ഒരുക്കിയത്. ഓടപ്പള്ളം സ്‌ക്കൂളിൽ പ്രധാനാദ്ധ്യാപകനായ സുരാജ് നടുക്കണ്ടി, റീജ കെ.കെ, ഷിജിന, ദീപ ടി.എൻ, മാണിക്കുഞ്ഞ്, ജിതിൻ ജിത്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ ഇംഗ്ലീഷ് പഠനം അന്താരാഷ്ട്ര നിലവാരത്തിലാക്കാനാണ് ഓടപ്പള്ളം സ്‌ക്കൂളിൽ ഇംഗ്ലീഷ് ലാബ് ഒരുക്കിയത്.