ചക്കിട്ടപാറ: മുതുകാട്ടിൽ വീട്ടുമുറ്റത്ത് നിന്നും വീട്ടമ്മയെ അക്രമിക്കാൻ വന്ന കാട്ടുപന്നിയെ കൊന്നതിന് വിമുക്ത ഭടനായ ഭർത്താവിനെതിരെ വനം വകുപ്പ് കേസെടുത്തു. കഴിഞ്ഞ 19ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം.
കൃഷിയിടത്തിലെ കിണറ്റിൽ വീണ പന്നിയെ രക്ഷിക്കാൻ നാട്ടുകാർ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ അറിയിച്ചിരുന്നു.ഉദ്യോഗസ്ഥർ പന്നിയെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തി. കിണറിൽ നിന്നും കയറിയ പന്നി ഉടൻ വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതു തടയാൻ ശ്രമിക്കുമ്പോൾ ഭർത്താവ് ജയിംസ് കോടാലി കൊണ്ട് പന്നിയെ അടിച്ചു. സംഭവ സ്ഥലത്ത് തന്നെ പന്നി ചത്തിരുന്നു. ഓടിയെത്തിയ വനപാലകർ കാട്ടുപന്നി ചത്തു കിടക്കുന്നതാണ് കണ്ടത്.
പന്നിയുടെ ജഡം വാഹനത്തിൽ കയറ്റി കൊണ്ട് പോകുമ്പോൾ ഉദ്യോഗസ്ഥർ ജയിംസിനെയും കയറ്റി. വനം വകുപ്പ് ഓഫിസിലെത്തിയ ജയിംസ്, വീട്ടിൽ നടക്കുന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 21ന് ഹാജരാകണമെന്ന വ്യവസ്ഥയിൽ വിട്ടിലേക്ക് മടങ്ങി. കാട്ടുപന്നിയെ കൊന്ന സംഭവത്തിൽ ജയിംസിനെതിരെ കേസെടുക്കാൻ നീക്കം തുടങ്ങിയതോടെ ജംയിസ് ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ ഹാജരായില്ല.