കൽപ്പറ്റ: ഇന്ത്യൻ ജനതയേയും സംസ്‌ക്കാരത്തെയും ജീവിതത്തേയും അടുത്തറിഞ്ഞ സ്വീഡൻ വിദ്യാർത്ഥി സംഘം ഒരു മാസത്തെ പഠനം പൂർത്തിയാക്കി നാളെ നാട്ടിലേക്ക് മടങ്ങും. സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള ഗ്ലോബൽ കോളേജിലെ ഇരുപതിലേറെ അപ്പർ
സെക്കൻഡറി വിദ്യാർത്ഥികളാണ് ഇന്ത്യയിലെ ഒന്നാംഘട്ട പഠനം പൂർത്തിയാക്കിയത്.

സോഷ്യൽ, സയൻസ്, കല, നാച്ചുറൽ സയൻസ് എന്നീ വിഷയങ്ങളിൽ ആഗോളാടിസ്ഥാനത്തിലുള്ള മാറ്റങ്ങളും അവസ്ഥകളും അപ്പർ
സെക്കൻഡറി തലത്തിൽ പഠനവിഷയമാക്കുന്ന ലോകത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഗ്ലോബൽ കോളേജ്. 700ലധികം വിദ്യാർത്ഥികളും 60
അദ്ധ്യാപകരുമുള്ള ഈ കലാലയത്തിലെ വിദ്യാർത്ഥികളിൽ അവസാന വർഷക്കാരായ
16നും 19നും ഇടയിൽ പ്രായമുള്ളവരാണ് എല്ലാ വർഷവും പഠനത്തിന്റെ ഭാഗമായി
ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് പോകുന്നത്. ഇത്തവണ വയനാട് ജില്ലയിലെ തൃക്കൈപ്പറ്റ ഗ്രാമമാണ് അവർ പഠനമുറിയായി തിരഞ്ഞെടുത്തത്. ഗ്രാമത്തിലെ വീടുകളിൽ താമസിച്ച് അവരോടൊപ്പം ഭക്ഷണം കഴിച്ച്, അവരോടൊപ്പം ജോലി ചെയ്തും സംവദിച്ചും
മലയാളിയുടെ സംസ്‌കാരത്തോട് ഇഴുകിച്ചേർന്ന് പഠിക്കുന്ന രീതിയാണിത്. തനത് ഭക്ഷണശീലവും, ജീവിതരീതിയും ഒരു പരിധിവരെ സ്വന്തം ജീവിതത്തിലേക്ക് പകർത്തി പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ജനാധിപത്യ ആശയങ്ങൾ മനസ്സിലാക്കിയും തൊഴിലിടങ്ങളിൽ സന്ദർശിച്ച് തൊഴിലാളികളുടെ ജീവിതാവസ്ഥ മനസ്സിലാക്കിയും കർഷകരുമായി
ആശയവിനിമയം നടത്തി കാർഷികമേഖലയെ തൊട്ടറിഞ്ഞുമാണ് തങ്ങൾ പഠനം
നടത്തുന്നതെന്ന് സംഘാംഗങ്ങളായ ഫെലിക്സ്
ജെയ്ഡനും ലിവ് ആൾട്ടർജാഗറും പറഞ്ഞു.

കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിൽ ഗ്ലോബൽ കോളേജ് പ്രതിനിധികൾ എത്താറുണ്ടെങ്കിലും
മഹാപ്രളയത്തിന് ശേഷമുള്ള അതിജീവനവും പുനരധിവാസവും കേരളത്തിൽ നടക്കുന്നതെങ്ങനെയെന്നും സാമൂഹ്യജീവിതത്തിലുണ്ടായ മാറ്റവും അടുത്തറിയാനും
ഈ വർഷത്തെ സന്ദർശനംകൊണ്ട് സാധിച്ചുവെന്നും അദ്ധ്യാപികയും ടീം ലീഡറുമായ
ലോട്ട, ഫ്രീഗൺ പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായി ഉത്തരവാദിത്വ ടൂറിസം
രംഗത്ത് കഴിഞ്ഞ ഒമ്പത് വർഷമായി പ്രവർത്തിക്കുന്ന കബനി വഴിയാണ് ഇവർ വയനാട്ടിലെത്തിയത്.
തൃക്കൈപ്പറ്റ ഉറവ് പഠനകേന്ദ്രം കേന്ദ്രീകരിച്ചാണ് ഗ്രാമത്തിലെ പഠനത്തിന് സൗകര്യമൊരുക്കിയത്.

ഫ്രാൻസ്, നോർവെ ,സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്ന് കബനി മുഖേന വിദ്യാർത്ഥി സംഘങ്ങൾ കേരളത്തിൽ എത്താറുണ്ട്. കേരളത്തിൽ കബനി നടപ്പിലാക്കുന്ന സുസ്ഥിര വിനോദ സഞ്ചാര പ്രവർത്തനങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി ടൂറിസത്തിന് പ്രാധാന്യം നൽകുന്ന 12 ഉത്തരവാദിത്വ ടൂറിസം കേന്ദ്രങ്ങൾ ഉണ്ട്. വയനാട്ടിൽ തൃക്കൈപ്പറ്റ കൂടാതെ മൊതക്കര,തെക്കുംതറ എന്നിവിടങ്ങളാണ് കേന്ദ്രങ്ങൾ.