സുൽത്താൻ ബത്തേരി: അദ്ധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ നിർവ്വഹണ പദ്ധതിയുടെ ഭാഗമായി കുന്താണി ജി.എൽ.പി സ്‌കൂൾ കോളനികളിൽ നാട്ടുകൂട്ടങ്ങൾ സംഘടിപ്പിക്കും. പഴയകാല വിദ്യാലയ ഓർമ്മകൾ അയവിറക്കാനും കലാപരിപാടികൾ അവതരിപ്പിക്കാനും അവസരം ലഭിക്കുന്നതാണ് പരിപാടി. പൊതുവിദ്യാലയങ്ങളുടെ മേന്മ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും 'അയൽപക്ക വിദ്യാലയമാണെന്റെ വിദ്യാലയം" എന്ന ചിന്ത വളർത്താനുമുതകുന്നതാണ് പരിപാടി.
മലങ്കരവയൽ കോളനിയിൽ നടന്ന പരിപാടി വാർഡ് മെമ്പർ പി.കെ സത്താർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക എൻ.പി. അഞ്ജലി സ്വാഗതം പറഞ്ഞു.
ഒന്നാം ക്ലാസ് തയ്യാറാക്കിയ 'ശലഭമൊഴി" പത്രം പ്രമോട്ടർ ദിനേശൻ പ്രകാശനം ചെയ്തു. മലങ്കരവയൽ കേന്ദ്രീകരിച്ച് രൂപീകരിച്ച പഠനകൂട്ടങ്ങൾക്കുള്ള രജിസ്റ്റർ സ്‌കൂൾ അദ്ധ്യാപിക ബിന്ദു കെ.ജോസ്, മുൻ പിടിഎ പ്രസിഡന്റ് അബുദുൾ സത്താർ എന്നിവർ കൈമാറി. കലാകാരനായ ബൈജു, സ്‌കൂൾ അദ്ധ്യാപകരായ എ.മുഹമ്മദ് സലാഹുദ്ദീൻ, ടി.സനിത, എൻ.കെ നിജേഷ് എന്നിവർ സംസാരിച്ചു.