കൽപ്പറ്റ: കൽപ്പറ്റ വാരാമ്പറ്റ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നിർത്തിവെച്ചു. റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിൽ താമസിക്കുന്ന സ്വകാര്യവ്യക്തികൾ ഹൈക്കോടതിയിൽ സമർപ്പിച്ച പരാതികളിൽ പ്രവൃത്തി നടത്തരുതെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് പ്രവൃത്തി നിർത്തിവയ്ക്കുന്നതെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഡി.പി.ആർ പ്രകാരം 56.66 കോടി രൂപയാണ് കിഫ്ബി കൽപ്പറ്റ വാരാമ്പറ്റ റോഡിന് അനുവദിച്ചിരുന്നത്.
ദേശീയപാതയിൽ ചുങ്കം ജംഗ്ഷനിൽ നിന്നു തുടങ്ങി പടിഞ്ഞാറത്തറയിൽ അവസാനിക്കുന്ന റോഡ് കൽപ്പറ്റ നഗരസഭയെയും വെങ്ങപ്പള്ളി, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്നതാണ്. 17.725 കിലോമീറ്ററാണ് റോഡിന്റെ നീളം. നിലവിലുള്ള റോഡ് വീതികൂട്ടി ഉപരിതലം ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് നടന്നിരുന്നത്.