മാനന്തവാടി: സംസ്ഥാന ബഡ്ജറ്റിൽ മാനന്തവാടി മണ്ഡലത്തിന് മികച്ച പരിഗണന. മാനന്തവാടി മണ്ഡലത്തിൽ പ്രധാനമായും 10 പദ്ധതികൾക്കാണ് പണം ലഭിക്കുക. മാനന്തവാടി മിനി സിവിൽ സ്റ്റേഷനിൽ അനക്‌സ് കെട്ടിടം നിർമ്മിക്കുന്നതിന് 5 കോടി രൂപ ലഭിക്കും. വള്ളിയൂർക്കാവ് പാലം നിർമ്മിക്കുന്നതിന് 7 കോടി രൂപയും ലഭിക്കും. തോൽപ്പെട്ടി നായ്‌ക്കെട്ടി പാലം നിർമ്മാണത്തിന് 30 ലക്ഷം, മാനന്തവാടി വിമലനഗർ വാളാട് പേര്യ റോഡ് നവീകരണത്തിന് 50 ലക്ഷം, മാനന്തവാടി ഗവൺമെന്റ് കോളേജിന് ഇന്റേണൽ റോഡ് നിർമ്മാണത്തിന് 10 ലക്ഷം, പനമരത്ത് സ്‌റ്റേഡിയം നിർമ്മാണത്തിന് 30 ലക്ഷം, തോൽപ്പെട്ടി സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 50 ലക്ഷം, മാനന്തവാടി ടൗൺ റോഡ് നവീകരണത്തിന് 30 ലക്ഷം, പി കെ കാളൻ കോളേജിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 50 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും.
പനമരം പാലത്തിന് ഫുട്ബ്രിഡ്ജ് നിർമ്മാണത്തിനായി 30 ലക്ഷം രൂപയും അനുവദിക്കും.
മിനി സിവിൽ സ്റ്റേഷനിൽ 5 കോടി രൂപയുടെ കെട്ടിടം ഉയരുന്നതോടെ സിവിൽ സ്റ്റേഷന്റെ മുഖഛായ മാറുമെന്ന് മാനന്തവാടി എം.എൽ.എ ഒ.ആർ കേളു പറഞ്ഞു. മാനന്തവാടി മണ്ഡലത്തിൽ സ്ഥലപരിമിതി മൂലം ഞെരുക്കം അനുഭവിക്കുന്ന പല സർക്കാർ ഓഫീസുകളും ഈ കെട്ടിടത്തിലേക്ക് മാറും. 7 കോടി രൂപ മുടക്കിൽ വള്ളിയൂർക്കാവിൽ നിർമ്മിക്കുന്ന പാലം വളരെ കാലത്തെ ആവശ്യമാണ്. അതും ഈ ബഡ്ജറ്റോടെ യാഥാർത്ഥ്യമാകുകയാണ്. ഈ പദ്ധതികളെല്ലാം നടപ്പിലാക്കുന്നതോടെ മാനന്തവാടി മണ്ഡലത്തിന്റെ മുഖഛായ മാറും.വയനാട് ജില്ലക്ക് പ്രാമുഖ്യം ലഭിച്ചത് പോലെ മാനന്തവാടി മണ്ഡലത്തിനും പ്രത്യേക പരിഗണന ലഭിച്ചതായും, പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ ഇടപെടലുകളും നടത്തുമെന്നും ഒ.ആർ കേളു പറഞ്ഞു.