സുൽത്താൻ ബത്തേരി: മുത്തങ്ങ റെയ്ഞ്ച് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെ, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർക്കെതിരെ കള്ളക്കേസ് നൽകുകയും ചെയ്തതിൽ കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സ്വയം പുനരധിവാസ പദ്ധതി പ്രകാരം ഭൂമി സർക്കാരിലേക്ക് വിട്ടുകൊടുത്ത, വനാന്തർഭാഗനനംത്തുള്ള ചെട്ട്യാലത്തൂരിലേക്ക് വനത്തിലൂടെ അനധികൃതമായി മണൽ കയറ്റി പോകുന്ന വാഹനം തടഞ്ഞ് നിർത്തി പരിശോധിച്ചതിനെ നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ ചിലർ ചോദ്യം ചെയ്യുകയും വാഹനം ബലമായി മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു.
വയനാട് വന്യജീവി സങ്കേതത്തിലെ ഉൾവനത്തിൽ സ്ഥിതിചെയ്യുന്ന സ്വയം പുനരധിവാസ പദ്ധതി പ്രകാരം 80% താമസക്കാരും വനാന്തർഭാഗത്ത് നിന്നും മാറി താമസിക്കുകയും ചെയ്യുന്ന ചെട്ട്യാലത്തൂരിൽ, പുതിയ നിർമ്മാണ പ്രവർത്തികൾ ഒന്നും നടത്തേണ്ടതില്ലെന്ന വയനാട് ജില്ലാ കളക്ടറുടേയും മറ്റും തീരുമാനമുള്ളതാണ്. ഈ സ്ഥലത്തെ സ്‌കൂളിന് ചുറ്റുമതിൽ നിർമ്മിക്കുന്നതിൽ വനം വകുപ്പ് ജീവനക്കാർ എതിരല്ല. എന്നാൽ ഒരു ഭാഗത്ത് വന്യജീവികളാൽ ജീവനും താമസത്തിനും കൃഷിക്കും പ്രയാസം നേരിടുന്നവരെ വനാന്തർഭാഗത്ത് നിന്ന് പുനരധിവസിപ്പിക്കുന്ന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ, ചില തൽപരകക്ഷികൾക്കു വേണ്ടി സർക്കാർ ധനവും സംവിധാനങ്ങളും ദുരുപയോഗം ചെയ്യുന്നതിലെ വൈരുധ്യം ബോധ്യപ്പെടുന്നില്ല. ഇത് തുറന്ന് പറയുന്നവരെ തെരുവിൽ ഭീഷണിപ്പെടുത്തുകയും നിയമങ്ങളും ഉത്തരവുകളും നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട വനം വകുപ്പ് ജീവനക്കാർക്കെതിരെ തെറ്റിദ്ധാരണ പരത്തുകയും അപകീർത്തിപ്പെടുത്തുകയുമാണ്.
സ്ഥലത്തെ വന്യമൃഗ ശല്യത്തിനുള്ള ശാശ്വത പരിഹാരമാണ് ഈ പ്രദേശത്ത് നിന്നുള്ള പുനരധിവാസം. അതിന് സഹായിക്കേണ്ട ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നും ഉണ്ടാവുന്ന പ്രസ്താവനകൾ വന നശീകരണം പോലുള്ള വലിയ സാഹചര്യങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കും.
ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും നിർഭയമായി ജോലി ചെയ്യുന്നതിനുള്ള അവസരം സ്യഷ്ടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കെ.എഫ്.പി.എസ്.എ. ജില്ലാ പ്രസിഡന്റ് കെ.കെ.സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ബീരാൻകുട്ടി, ജില്ലാ ട്രഷറർ പി.കെ.ജീവരാജ്, മേഖലാ സെക്രട്ടറി എ.ആർ.സിനു, സംസ്ഥാന കൗൺസിൽ അംഗം കെ.പി.ശ്രീജിത്ത്, എ.എൻ.സജീവൻ, പി.കെ.സഹദേവൻ എന്നിവർ സംസാരിച്ചു.