കൽപ്പറ്റ: പ്രളയമടക്കമുള്ള വിവിധ കാരണങ്ങളാൽ തകർന്ന ജില്ലയിലെ കാർഷികമേഖലയെ സംബന്ധിച്ച് തികച്ചും നിരാശജനകമാണ് സംസ്ഥാന ബഡ്ജറ്റ് എന്ന് കെ.പി.സി.സി അംഗം കെ.എൽ പൗലോസ് പറഞ്ഞു.
പ്രളയം മൂലം തകർത്ത കാർഷികമേഖലയെ രക്ഷപ്പെടുത്താൻ ഒരു പദ്ധതിയും ബഡ്ജറ്റിലില്ല. കുരുമുളകടക്കമുള്ള ഉൽപന്നങ്ങളുടെ വില ന്യായമായി ലഭിക്കുവാൻ വിപണിയിൽ ഇടപെടൽ പോലുള്ള ഒരു പദ്ധതിയുമില്ല.
കടക്കെണിയിൽ അകപ്പെട്ട കർഷകർക്ക് കടാശ്വാസത്തിനായി ഒരു നിർദ്ദേശവുമില്ല. ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ വന്യമൃഗ ശല്യം തടയാൻ മതിയായ തുക ബഡ്ജറ്റിലില്ല. കുരുമുളക് കൃഷിക്ക് മാറ്റിവെച്ചിരിക്കുന്ന തുക കഴിഞ്ഞ കാലങ്ങളിലേക്കാൾ കുറവാണ്. കർഷകർക്ക് നിരാശ മാത്രം നൽകുന്ന ബഡ്ജറ്റാണിത്.
വയനാട് മെഡിക്കൽ കോളേജിനെ വീണ്ടും അവഗണിച്ചു. സാധനങ്ങളുടെ വില വർദ്ധിപ്പിച്ച് പാവപ്പെട്ടവനെ ദുരിതത്തിലാക്കുന്ന ബഡ്ജറ്റാണിതെന്നും കെ.എൽ പൗലോസ് പറഞ്ഞു.