മാനന്തവാടി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിട്ടും ഇൻഷൂറൻസ് തുക നൽകാൻ തയ്യാറാവാത്ത ഇൻഷൂറൻസ് കമ്പനിക്കെതിരെ കോൺഗ്രസ്സ് തലപ്പുഴ മണ്ഡലം കമ്മറ്റി ഫെബ്രുവരി 4 മുതൽ കമ്പനിയുടെ മാനന്തവാടി ഓഫീസിനു മുന്നിൽ സമരം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. കമ്പനി തട്ടിപ്പിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നതിനു പകരം പരാതിക്കാർക്കെതിരെ കേസ് എടുക്കുകയാണ് പൊലീസ് ചെയ്തതെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
തലപ്പുഴ ഇടിക്കര സ്വദേശിയായ ജോണി പെലകുടിയിൽ മഞ്ഞപിത്ത ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇൻഷൂറൻസ് പോളസി മുൻപ് എടുത്തിരുന്നതാണ്. മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മാനന്തവാടി സ്വകാര്യ ആശുപത്രിയിലെ ചികിത്സാ സമയത്ത് 4491 രൂപ ഇൻഷൂറൻസ് തുക ലഭിച്ചിരുന്നു.എന്നാൽ പിന്നീടുള്ള ചികത്സയുടെ തുക നൽകാൻ തയ്യാറായില്ല.
വാർത്താ സമ്മേളനത്തിൽ നേതാക്കളായ എം.ജി.ബിജു, ജോസ് പാറക്കൽ, കെ.വി.ജോൺസൺ, തട്ടിപ്പിനിരയായ ജോണി പി ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ഇൻഷൂറൻസ് തട്ടിപ്പിനെതിരെ മാനന്തവാടി ടൗണിൽ വ്യാപകമായി പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.