കോഴിക്കോട്: സ്വന്തം ആവശ്യത്തിനപ്പുറം നാടിന്റെ ആവശ്യമായി മാറിയ വിഷയം വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുന്നതിന് ശുഭപ്രതീക്ഷകളോടെ കത്തെഴുതിയിരിക്കുകയാണ് വിധിയുയർത്തിയ വെല്ലുവിളികളെ ഒരു ചെറുപുഞ്ചിരിയോടെ ധൈര്യപൂർവം നേരിടുന്ന ആസിം. താൻ പഠിച്ച സ്‌കൂളായ വെളിമണ്ണ ജി.എം.യു.പി. സ്‌കൂൾ ഹൈസ്‌കൂളാക്കി ഉയർത്തണമെന്നാണ് ആസിമിന്റെ ആവശ്യം. വെളിമണ്ണയിലെ സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ് 1924ൽ സ്ഥാപിതമായ ഈ സർക്കാർ വിദ്യാലയം. സ്‌കൂൾ ഹൈസ്‌കൂളാകുമ്പോൾ തനിക്കും പഠിക്കാനാകുമെന്ന ചിന്തയാണ് ആസിമിനെ കത്തെഴുതാൻ പ്രേരിപ്പിച്ചിരിക്കുന്നത്.
കേരള സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവാണ് ആസിം എന്ന പന്ത്രണ്ട് വയസുകാരൻ. 90 ശതമാനത്തിലധികം വൈകല്യമുള്ള ആസിമിന് ഇരു കൈകളുമില്ല. ഒരു കാല് ചെറുതാണ്. താടിയെല്ലിന് പ്രശ്‌നങ്ങളുണ്ട്. വായ വികാസമില്ലത്തതിനാൽ സംസാരിക്കാനും പ്രയാസമാണ്. മറ്റ് കുട്ടികൾ സകൂളിലേക്ക് പോകുന്നത് കാണുമ്പോൾ ഈ കുഞ്ഞു ഹൃദയം പിടയും. ആസിമിനുമുണ്ട് ഒരുപാട് സ്വപ്‌നങ്ങൾ. പഠിച്ച് അറിവുനേടാനുള്ള ഈ കുരുന്നിന്റെ അടങ്ങാത്ത ആഗ്രഹം വൈകല്യങ്ങളെയും തോല്‌പിക്കുന്നു.
തന്റെയും വെളിമണ്ണക്കാരുടെയും വിദ്യാഭ്യാസ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാനാണ് ആസിമിന്റെ ഒറ്റയാൾ പോരാട്ടം.
ആസിം മുമ്പും ഇതേ ആവശ്യം ഉന്നയിച്ച് സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും നയപരമായ തീരുമാനമില്ലാത്തതിനാൽ സർക്കാർ അത് നിരസിച്ചിരുന്നു. പിന്നീട് സമാധാനപരമായ സമര മാർഗങ്ങളിലൂടെ നീങ്ങിയ ആസിം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. മാനുഷിക മൂല്യമുള്ള ആസിമിന്റെ കേസ് സർക്കാരിനോട് അനുവദിച്ച് കൊടുക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാൽ കോടതി വിധിയിൽ സർക്കാർ അപ്പീലിന് പോയിരിക്കുകയാണ്. തന്റെ പോരാട്ടങ്ങളെ പിന്തുണച്ച് അപ്പീലിൽ നിന്ന് പിന്തിരിഞ്ഞ് സർക്കാർ തന്നെ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ആസിം മുഖ്യമന്ത്രിയ്‌ക്ക് കത്തെഴുതിയിരിക്കുന്നത്. 'വീണ്ടും ഞാൻ വീടിന്റ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിയണോ...? ' തന്റെ കത്തിലൂടെ ആസിം ചോദിക്കുന്നു. വിധിയെ തോല്‌പ്പിച്ച ആത്മവിശ്വാസത്തോടെ. !