കാഞ്ഞിരപ്പള്ളി: താലൂക്ക് ആസ്ഥാനമായ കാഞ്ഞിരപ്പള്ളി നഗരത്തിൽ ഗതാഗത കുരുക്ക്. വാഹനങ്ങൾ വരുന്നതും പോകുന്നതും തോന്നിയതുപോലെ. എല്ലാ കവലകളിലും ട്രാഫിക് പൊലീസിന്റെ സേവനം ഉണ്ടെങ്കിലും ഗതാഗതം കുരുക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ല. ദൈവംതമ്പുരാൻ വിചാരിച്ചാലും ഇവിടുത്തെ കുരുക്കഴിക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അത്രയ്ക്കുണ്ട് വാഹനപ്പെരുപ്പം. റോഡുകളുടെ അഭാവമാണ് കുരുക്ക് രൂക്ഷമാകാൻ കാരണം. പരിഹാരമായി കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മിക്കുവാൻ പദ്ധതി രൂപികരിച്ചെങ്കിലും ഇതുവരെ നടപടി ഒന്നും ആയിട്ടില്ല. 2018ൽ ബൈപാസിന്റെ നിർമ്മാണം തുടങ്ങുമെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്. എന്നാൽ 2019 ആയിട്ടും ഒന്നും നടക്കുന്ന ലക്ഷണമില്ല. ബൈപാസിനായുള്ള സ്ഥലമെടുപ്പുപോലും ഒന്നുമായിട്ടില്ല. ഗതാഗതസൗകര്യങ്ങൾ സുഗമമാക്കുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം കഴിഞ്ഞമാസം കൂടിയിരുന്നു. എങ്കിലും യോഗത്തിൽ എടുത്ത തീരുമാനങ്ങളൊന്നും നടപ്പാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി സമഗ്രമായ പരിഷ്‌കാരങ്ങളാണ് സമിതി നിർദ്ദേശിച്ചിരിക്കുന്നത്. ബസ് സ്റ്റോപ്പുകൾ പുന:ക്രമീകരിക്കുക,അനധികൃത പാർക്കിംഗ് നിരോധിക്കുക,തിരക്കുള്ള സമയങ്ങളിൽ ചരക്കുവാഹനങ്ങളുടെ കയറ്റിറക്ക് നിരോധിക്കുക,നടപ്പാതകളിലേയും വാഹനങ്ങളിലേയും കച്ചവടം നിരോധിക്കുക തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ.ഈ പറയുന്ന കാര്യങ്ങളൊക്കെ ഇപ്പോഴും ഒരു തടസ്സവുമില്ലാതെ നടക്കുന്നുണ്ട്.തടസ്സം വാഹനങ്ങൾക്ക് മാത്രമാണ്. കാഞ്ഞിരപ്പള്ളി കടന്നാൽ രക്ഷപെട്ടു എന്നാണ് യാത്രക്കാർ പറയുന്നത്.