പെരുന്ന: ആചാരങ്ങളും വിശ്വാസങ്ങളും തകർക്കാമെന്ന് ഏത് മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, സർക്കാരിനോടുള്ള വെല്ലുവിളിപോലെ, അസന്ദിഗ്ദ്ധമായി വ്യക്തമാക്കി. ഒരു ഗവൺമെന്റ് കൈയിലുണ്ടെന്ന് കരുതി അധികാരം ഉപയോഗിച്ച് ആചാരം തകർക്കാൻ പറ്റില്ല. ആരും കണ്ണുരുട്ടി പേടിപ്പിക്കേണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് തന്നെയാണ് തിരിച്ചും പറയാനുള്ളത്. ആരുടെയും പുറമ്പോക്കിൽ കിടക്കുന്നവരല്ല ഞങ്ങൾ. നിങ്ങൾ ഈ മണ്ണിൽ കുരുക്കുന്നതിന് മുൻപേ കുരുത്ത പ്രസ്ഥാനമാണ് എൻ.എസ്.എസ്.
മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു സുകുമാരൻ നായർ.
ദൈവത്തിന്റെ സ്വന്തംനാടിനെ വനിതാ മതിലിലൂടെ വർഗീയതയും വിഭാഗീയതയും സവർണ - അവർണ ചേരിതിരിവുമുണ്ടാക്കി ചെകുത്താന്റെ നാടെന്ന് കേൾപ്പിക്കാനാണ് സർക്കാരിന്റെ പോക്ക്. ഒരു രാഷ്ട്രീയ പാർട്ടിയോടും സമുദായത്തോടും വിദ്വേഷമില്ല. പക്ഷേ, അനാവശ്യമായി ആക്രമിക്കാൻ വന്നാൽ മറ്റുള്ളവരുടേത് പോലെ കുനിയുന്ന നട്ടെല്ലല്ല മന്നത്ത് പത്മനാഭൻ വളർത്തിയ പ്രസ്ഥാനത്തിനുള്ളത്. അത് മനസിലാക്കിയാൽ മാത്രം മതി.
അയ്യപ്പൻ 22ന് അനുകൂല
സാഹചര്യം ഒരുക്കും
ശബരിമല വിഷയത്തിൽ 22ന് അനുകൂല സാഹചര്യം അയ്യപ്പനുണ്ടാക്കിത്തരും. അത് വരെ കാത്തിരിക്കും. അതല്ലെങ്കിൽ മുകളിലേക്ക് പോവുക തന്നെ ചെയ്യും. ഈ സർക്കാരിന്റെ കാലുപിടിക്കുന്ന പ്രശ്നമേയില്ല. തോക്കിന് നേരെയും കത്തികൾക്കിടയിലൂടെയും നടന്നുപോകുന്ന പാരമ്പര്യം നമുക്കില്ല. അങ്ങനെ നടന്നുപോയ ചരിത്രമുണ്ടെന്നാണ് ചിലർ പറയുന്നത്. എന്നാൽ അവർക്കൊക്കെ പുറത്തേക്കിറങ്ങാൻ എത്ര പൊലീസിന്റെ സുരക്ഷ വേണം.
അവസാനഘട്ടം വരെ എൻ.എസ്.എസ് ഗാന്ധിയൻ മാർഗത്തിലൂടെയും നിയമപരമായും പ്രശ്നങ്ങളെ നേരിടും. സമുദായാംഗങ്ങൾക്ക് ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കാം. ഒരു പാർട്ടിയുടെയും ആഭ്യന്തര പ്രശ്നത്തിൽ എൻ.എസ്.എസ് ഇടപെടില്ല. സംഘടനയ്ക്കുള്ളിൽ രാഷ്ട്രീയം കലർത്താൻ അനുവദിക്കുകയുമില്ല. കോടിയേരിക്കും കാനം രാജേന്ദ്രനും സമദൂരത്തെപ്പറ്റി പറയാൻ എന്ത് അവകാശമാണുള്ളത്. അവർ എന്നാണ് സമദൂരം കണ്ടിട്ടുള്ളത്. സുകുമാരൻ നായർക്ക് സമദൂരത്തിലേക്ക് പോകാൻ അവകാശമില്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. എൻ.എസ്.എസ് സമദൂരത്തിൽ നിൽക്കുമ്പോൾ തന്നെ മറ്റൊരു ദൂരത്തിൽ പോയ ബാലകൃഷ്ണപിള്ളയാണോ ഞാൻ ആണോ സമദൂരം തെറ്റിച്ചത്''- അദ്ദേഹം ചോദിച്ചു.
അതേസമയം ഡയറക്ടർ ബോർഡ് അംഗം ആർ. ബാലകൃഷ്ണപിള്ളയും മകൻ കെ.ബി. ഗണേശ് കുമാറും ആദ്യമായി വിട്ടുനിന്നതും ശ്രദ്ധേയമായി.
പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാർ പി.എൻ. സുരേഷ് നന്ദി പറഞ്ഞു.