കോട്ടയം: പെട്രോൾ, പാചകവാതക വില ഒരു വർഷത്തിനു മുമ്പുള്ള നിരക്കിലേയ്ക്ക് താഴ്ന്നിട്ടും ആശ്വസിക്കാൻ സാധാരണക്കാർക്ക് കഴിയുന്നില്ല. ഇന്ധന വില വർദ്ധനവിന്റെ പേരിൽ ഓട്ടോ, ടാക്സിനിരക്ക് കുത്തനെ ഉയർത്തിയതിന് പിറകേ ബസ് ചാർജും വർദ്ധിപ്പിക്കുകയാണ്. ഇന്ധന വിലയുടെ ഏറ്റക്കുറച്ചിൽ കണക്കിലെടുക്കാതുള്ള ടാക്സി നിരക്ക് വർദ്ധനവിനു മുമ്പിൽ കാഴ്ചക്കാരായി നിൽക്കാനേ പൊതു ജനത്തിന് കഴിയുന്നുള്ളൂ. പാചക വാതക വർദ്ധനയുടെ പേരിൽ ഹോട്ടലുകളും ആഹാര സാധന വില വർദ്ധിപ്പിച്ചു. കൂട്ടിയ വില ഒരിക്കലും കുറയ്ക്കാൻ ഹോട്ടലുടമകളും തയ്യാറാകുന്നില്ല . പെട്രോൾ ഡീസൽ വിലയിൽ വൻ കുറവുണ്ടായിട്ടും ബസ് ചാർജ് വർദ്ധന വേണ്ടെന്നു വയ്ക്കാതെ, മിനിമം നിരക്ക് വർദ്ധിപ്പിക്കാമെന്നാണ് ബസ് ഉടമകൾക്ക് സർക്കാർ നൽകിയ ഉറപ്പ്.

ലിറ്ററിന് 80 രൂപ കടന്ന പെട്രോൾ വില 70 ൽ എത്തി. സബ്സിഡിയുള്ള സിലിണ്ടറിന് 5.91 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 120.50 രൂപയും കുറഞ്ഞു. ഡിസംബർ ഒന്നിന് സബ്സിഡിയുള്ള സിലിണ്ടറിന് 6.52 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും കുറച്ചിരുന്നു. പെട്രോളിനും പാചക വാതകത്തിനും പത്തുരൂപയിലേറെ കുറഞ്ഞിട്ടും സാധാരണക്കാർക്ക് പ്രയോജനമില്ല .

ഇന്ധനവിലയുടെ പേരിൽ ഓട്ടോനിരക്ക് 20ൽ നിന്ന് 25 രൂപയാക്കിയെങ്കിലും 30 രൂപ നിരക്ക് വർദ്ധനയ്ക്ക് മുമ്പേ മിനിമം ചാർജായി മിക്കവരും ഈടാക്കി തുടങ്ങിയിരുന്നു. നിരക്ക് വർദ്ധനവിന് ശേഷം പലരും 40 വാങ്ങുന്നുവെന്ന പരാതിയുമുണ്ട്. ചില്ലറ പ്രശ്നം പറഞ്ഞ് 50 രൂപ കൊടുത്താൽ ബാക്കി കൊടുക്കാത്ത ഓട്ടോക്കാരുടെ എണ്ണവും കൂടുകയാണ്.

നഗരത്തിന് പുറത്ത് മിനിമം നിരക്കിന് ശേഷം വരുന്ന അധിക ദൂരത്തിന് അമ്പതു ശതമാനം കൂടി ഈടാക്കുന്ന നിലയിലാണ് ഓട്ടോ നിരക്ക് വർദ്ധന. നേരത്തേ രാത്രിയിലായിരുന്നു അമ്പതു ശതമാനം അധിക നിരക്ക് ഈടാക്കാൻ അനുമതി . നിരക്ക് വർദ്ധനവിനൊപ്പം അത് പകൽ കൂടി ഏർപ്പെടുത്തി. കോട്ടയമടക്കം മിക്ക നഗരങ്ങളിലും മിനിമം ദൂരം കഴിയുന്നതോടെ അധികനിരക്ക് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായിട്ടും നടപടി ഉണ്ടാകുന്നില്ല. ഓട്ടോ നിരക്ക് വർദ്ധിപ്പിച്ചിട്ടും മീറ്റർ പ്രവർത്തിപ്പിക്കാൻ കോട്ടയത്ത് ഓട്ടോക്കാരാരും തയ്യാറായിട്ടില്ല. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പ്രീ പെയ്ഡ് നിരക്ക് ഏർപ്പെടുത്താനും കഴിയുന്നില്ല . ഇന്ധന വില കൂടിയാലും കുറഞ്ഞാലും ടാക്സിക്കാരുടെ ചൂഷണത്തിന് കുറവു വരുത്താൻ കഴിയുന്നില്ലെന്ന സാധാരണക്കാരുടെ പരാതി അവശേഷിക്കുകയാണ്.