farmer

കോട്ടയം: നെല്ല് വീട്ടുമുറ്റത്തും വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് യശോദരൻ എന്ന കർഷകൻ.കൃഷിയോടുള്ള അമിത താത്പര്യത്തെത്തുടർന്ന് വീട്ടുമുറ്റത്തെ പത്ത് സെന്റിൽ വിളയിച്ചെടുത്തത് നല്ല നാടൻ നെല്ല്.ചിങ്ങവനം രോഹിണി നിവാസിൽ യശോധരനാണ് (63) തന്റെ വീട്ടുമുറ്റത്ത് കൃഷിയിറക്കിയത്.

വിവിധ ഏജൻസികളുടെ കരാർ ഏറ്റെടുത്ത് നടത്തുന്ന യശോധരന്റെ മനസിൽ കൃഷിചെയ്യണമെന്നൊരു മോഹം തോന്നി.സ്വന്തമായി പാടമില്ലാതെ എങ്ങനെ നെൽക്കൃഷി ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് യശോധരന്റെ സുഹൃത്ത് ഒരു നിർദ്ദേശം മുന്നോട്ട് വച്ചത്. പാടമില്ലെങ്കിൽ പരീക്ഷണാടിസ്ഥാനത്തിൽ വീട്ടുമുറ്റത്ത് നെൽക്കൃഷിയിറക്കാമെന്നായിരുന്നു സഹൃത്ത് പറഞ്ഞ നിർദ്ദേശം. പിന്നെയൊട്ടും അമാന്തിച്ചില്ല സ്വന്തമായുള്ള 25 സെന്റിൽ നിന്നും പത്ത് സെന്റ് കരനെൽക്കൃഷിക്കായി മാറ്റി.കൃഷിപാഠങ്ങൾ മനപ്പാഠമാക്കിയ ശേഷം കൃഷിക്കായി കഴിഞ്ഞ ജൂലായിൽ പാടം ഒരുക്കി.വെള്ളം കയറാതിരിക്കാൻ കരയിലെ പാടം മണ്ണിട്ട് ഉയർത്തി. മഴപെയ്‌ത് വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ചാലുംകോരി.

തുടർന്ന് കാവാലത്തു നിന്നും നെൽവിത്ത് എത്തിച്ച് വിതയും നടത്തി. പിന്നെയിങ്ങോട്ട് വിളയുന്നതുവരെയുള്ള നെൽക്കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും കൃത്യമായി നോക്കി പരിപാലിച്ചു. ഒടുവിൽ ഡിസംബർ പകുതിയോടെ നെല്ല് വിളവെടുത്തു.

പത്ത് സെന്റിൽ നിന്നും അൻപത് കിലോ നെല്ലാണ് യശോധരൻ കൊയ്‌തെടുത്തത്.

പ്രളയകാലം ഒരു വെല്ലുവിളിയായിരുന്നെങ്കിലും അതിനെയും അതിജീവിക്കാനായി.അത്തരത്തിൽ കഠിനമായി പരിശ്രമിച്ചാണ് തന്റെ കൃഷി സംരക്ഷിച്ചത്.കൃഷിയിൽ സഹായിക്കാൻ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഇപ്പോൾ പ്രളയത്തിൽ തകർന്ന നെൽക്കർഷകർക്ക് പുതിയ കൃഷി പാഠങ്ങൾ പറഞ്ഞ്കെടുക്കുന്ന തിരക്കിലാണ് യശോദരൻ.