വൈക്കം : നമ്മുടെ വീട്ടുതൊടികളിൽ വിളയുന്ന മാങ്ങയും ചാമ്പയ്ക്കയും പുളിയും ചക്കയും അടയ്ക്കയുമെല്ലാം വിറ്റിരുന്ന നാട്ടുചന്തകൾ പഴയ തലമുറയുടെ ഓർമ്മകളിലുണ്ടാവും. അതുപോലൊന്ന് വൈക്കം നഗരത്തിലുമുണ്ടായിരുന്നു. കെ.വി.കനാലിന്റെ തീരത്ത് ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവ് അന്നത്തെ നഗരസഭാ ചെയർമാന്റെ പേരിൽ പതിച്ചു നൽകിയ 'ശ്രീമൂലം മാർക്കറ്റ്'. കാലാന്തരത്തിൽ അപ്രസക്തമായി പ്രവർത്തനം നിലച്ച മാർക്കറ്റിനെ പഴയ പ്രതാപത്തോടെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ.
പച്ചക്കറി - പലവ്യഞ്ജനക്കടകൾ നഗരത്തിൽ വ്യാപകമാവുകയും കോവിലകത്തുംകടവിലെ മത്സ്യമാർക്കറ്റ് കൂടുതൽ സജീവമാവുകയും ചെയ്തതോടെ ശ്രീമൂലം മാർക്കറ്റിന്റെ പ്രതാപം മങ്ങിത്തുടങ്ങി. പുതിയ നിയമങ്ങളും നിബന്ധനകളും കശാപ്പുശാലകൾക്ക് പൂട്ടിട്ടതോടെ മാർക്കറ്റിന്റെ പ്രവർത്തനം പൂർണമായി നിലച്ചു. പിന്നീട് 2000 - 2005 ലെ നഗരസഭ കൗൺസിലിന്റെ കാലത്ത് ശ്രീമൂലം മാർക്കറ്റിൽ പുതിയ സ്റ്റാളുകളും സ്ലോട്ടർ ഹൗസും പണികഴിപ്പിച്ച് ലേലം നടത്തിയെങ്കിലും പ്രവർത്തിപ്പിക്കാനായില്ല. പിന്നീട് മാർക്കറ്റ് കാടുകയറി. ഇടക്കാലത്ത് നഗരസഭ മാലിന്യം നിക്ഷേപിക്കുന്നത് ഇവിടെയായിരുന്നു.
ഇടത്തട്ടുകാരുടെ ചൂഷണമില്ലാതെ ജനങ്ങൾക്ക് നിയമാനുസൃതമായ എന്തും വാങ്ങുകയും വില്ക്കുകയും ചെയ്യാൻ കഴിയുന്ന പഴയ നാട്ടുചന്തയുടെ പുനരാവിഷ്കാരമാണ് ലക്ഷ്യമിടുന്നത്. കെട്ടിടങ്ങൾ ആധുനിക നിലവാരത്തിൽ പുനർനിർമ്മിക്കും. നിലം ടൈൽ പാകും. മാർക്കറ്റിന്റെ പഴയ പ്രതാപത്തെ അനുസ്മരിപ്പിക്കുന്ന കവാടം നിർമ്മിക്കും.
പി.ശശിധരൻ,(നഗരസഭ ചെയർമാൻ)
ശ്രീമൂലം തിരുനാൾ നഗരസഭയ്ക്ക് നൽകിയത് ഒരേക്കർ ആറ് സെന്റ് സ്ഥലമായിരുന്നു. അവിടെയാണ് ശ്രീമൂലം മാർക്കറ്റ് സ്ഥാപിതമായത്. ഇന്ന് മാർക്കറ്റിന് 22 സെന്റ് സ്ഥലമാണ് അവശേഷിക്കുന്നത്. ബാക്കി സ്ഥലത്തിന്റെ ഏറിയ പങ്കും ഉപയോഗിക്കുന്നത് മൃഗസംരക്ഷണ വകുപ്പിന്റെ അസി.പ്രോജക്ട് ഓഫീസിന്റെ കെട്ടിടങ്ങളാണ്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്ഥാപനത്തിൽ നഗരസഭയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. ഇത് ഇവിടെ നിന്ന് മറ്റെവിടേക്കെങ്കിലും മാറ്റി സ്ഥാപിച്ച് മാർക്കറ്റിന്റെ സ്ഥലം വിപുലീകരിച്ചാൽ പഴയ പ്രതാപത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാനാകും.
കെ.ജി.അബ്ദുൾസലാം റാവുത്തർ
(നഗരസഭ മുൻ വൈസ് ചെയർമാൻ)