registrar-office-

പാലാ: പഴകി ദ്രവിച്ച് ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ നിന്ന് പാലാ സബ് രജിസ്ട്രാർ ഓഫീസിനു ശാപമോക്ഷമാകുന്നു. പുതിയതായി പണി തീർത്ത മന്ദിരത്തിന്റെ ഉദ്ഘാടനം രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കും. തുക അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടും കെട്ടിട നിർമ്മാണം വർഷങ്ങളോളം വൈകിയിരുന്നു. ഇരുനിലകളിലായി 5290 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണു കെട്ടിടം. വൈദ്യുതീകരണ ജോലികൾ ഉൾപ്പെടെയുള്ളവ പൂർത്തിയായി. 1.74 കോടി രൂപ മുടക്കിയാണ് കെട്ടിടം പൂർത്തിയാക്കിയത്.
നിലവിലുള്ള കെട്ടിടത്തിനും ജില്ലാ ട്രഷറിക്കും ഇടയിൽ 10 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് കെട്ടിട നിർമ്മാണത്തിനായി കരാറുകാരുമായി ഉടമ്പടി വയ്ക്കുകയും പ്രാഥമിക നടപടികൾ തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ റവന്യു വകുപ്പ് രജിസ്‌ട്രേഷൻ വകുപ്പിന് ഭൂമി കൈമാറുന്നതിലുണ്ടായ കാലതാമസമാണ് നിർമ്മാണത്തിന് തുടക്കത്തിൽ തടസ്സമായത്. ഇതിനു പരിഹാരമായപ്പോൾ നിർദ്ദിഷ്ട സ്ഥലത്തെ മരങ്ങൾ വെട്ടിമാറ്റുന്നതിനുണ്ടായ കാലതാമസവും നിർമ്മാണം ആരംഭിക്കുന്നതിന് തടസ്സമായി. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പഴയ കെട്ടിടം ചോർന്നൊലിക്കുന്നതിനാൽ നിർമ്മാണം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് നടപടികൾ പുരോഗമിച്ചത്. കെ.എം. മാണി മന്ത്രിയായിരുന്നപ്പോഴാണു പുതിയ മന്ദിരത്തിന് തുക അനുവദിച്ചത്. നിലവിലെ പഴയ കെട്ടിടത്തോടു ചേർന്നാണ് പുതിയ മന്ദിരവും പണിതുയർത്തിയിട്ടുള്ളത്.