കോട്ടയം: കുറിച്ചി കേളൻകവലയിൽ റോഡരികിൽ സ്ഥാപിച്ചിരുന്ന അയ്യങ്കാളി - അംബേദ്‌കർ സ്‌മൃതി മണ്ഡപം അക്രമികൾ അടിച്ച് തകർത്തു. സ്‌മൃതി മണ്ഡപത്തിന്റെ ചില്ലും മണ്ഡപത്തിനുള്ളിലെ ചിത്രങ്ങളും സിമന്റ് ഇഷ്‌ടിക ഉപയോഗിച്ച് തകർക്കുകയായിരുന്നു.
സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് നാലംഗ സംഘം കേളൻകവലയിലെ സ്‌മൃതി മണ്ഡപത്തിനു നേരെ ആക്രമണം നടത്തിയത്. അക്രമികൾ ഇതുവഴി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പ്രദേശത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഇന്നലെ പുലർച്ചെ പ്രദേശത്തെത്തിയ നാട്ടുകാരാണ് ചില്ല് തകർന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ ചിങ്ങവനം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും വിരലടയാള വിദഗ്‌ദ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ കുറിച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.