ksrtc-

കോട്ടയം: വനിതാ മതിലിനെ തുടർന്ന് കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ചേർത്തലയിലേയ്‌ക്ക് ബസ് ലഭിക്കാതെ വന്നതോടെ പ്രതിഷേധവുമായി യാത്രക്കാർ. ബസ് സ്റ്റാൻഡിൽ കുത്തിയിരുന്ന് യാത്രക്കാർ പ്രതിഷേധിച്ചതോടെ സ്റ്റാൻഡിൽ സംഘർഷമായി. തുടർന്ന് പൊലീസ് ഇടപെട്ട് ബസ് ക്രമീകരിച്ചതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്.

വനിതാ മതിലിനെ തുടർന്ന് ചേർത്തല ഭാഗത്ത് ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതേ തുടർന്ന് കോട്ടയത്തേയ്ക്ക് കെ.എസ്.ആർ.ടി.സി ബസുകൾ എത്താതായി. ആലപ്പുഴ, ചേർത്തല, കുമരകം ഭാഗത്തേയ്‌ക്കുള്ള യാത്രക്കാർ ഒരു മണിക്കൂറോളം നിന്നിട്ടും ബസ് ലഭിക്കാതെ വന്നതോടെയാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. റോഡിലേയ്‌ക്കിറങ്ങി നിന്ന് യാത്രക്കാർ മുദ്രാവാക്യം മുഴക്കി. വിവിധ സ്ഥലങ്ങളിലേയ്‌ക്കുള്ള ബസ് ഗതാഗതത്തെ ഇത് ബാധിക്കുമെന്ന സ്ഥിതിയായപ്പോൾ ഡിപ്പോ അധികൃതർ പൊലീസിനെ അറിയിച്ചു. ഡിവൈ.എസ്.പി ആർ‌.ശ്രീകുമാർ എത്തി നടത്തിയ ചർച്ചയെത്തുടർന്ന് ബസ് അയയ്ക്കാൻ കെ.എസ്.ആർ.ടിസി അധികൃതർ തയ്യാറായി. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

വനിതാ മതിലിൽ പങ്കെടുക്കാനുള്ള പ്രവർത്തകരെയുമായി ജില്ലയിൽ നിന്നു സ്വകാര്യ ബസുകളും ടാക്‌സി വാഹനങ്ങളും പോയതോടെ യാത്രക്കാർ ഇന്നലെ നന്നേ വലഞ്ഞു. 250 സ്വകാര്യ ബസുകളാണ് ജില്ലയിൽ നിന്ന് ആലപ്പുഴയ്‌ക്ക് വനിതാമതിൽ സർവീസ് നടത്തിയത്. സാധാരണ സർവീസുകൾ

നല്ലപങ്കും നടന്നില്ല. ബസുകളില്ലാത്തതിനാൽ നഗരത്തിലെ നിരത്തുകൾ പലതും ഒഴിഞ്ഞനിലയിലായിരുന്നു. സർവീസ് നടത്തിയ സ്വകാര്യ ബസുകളിലാവട്ടെ വൻ തിരക്കും അനുഭവപ്പെട്ടു. രാത്രി വൈകിയും സ്‌ത്രീകൾ അടക്കമുള്ളവർ കാത്തു നിൽക്കുന്നുണ്ടായിരുന്നു.