പെരുന്ന: ശബരിമലയിൽ യുവതികൾ പ്രവേശിച്ചത് 22ന് നടക്കുന്ന കേസിനെ ബാധിക്കില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. രാവിലെ വിവരം അറിഞ്ഞപ്പോൾ മുതൽ മനസ് മടുത്ത അവസ്ഥയിലായിരുന്നു. നടഅടച്ച് പരിഹാര കർമം ചെയ്തതിൽ തന്ത്രികുടുംബത്തോടും പന്തളം രാജകുടുംബത്തോടുമുള്ള നന്ദി അറിയിക്കുന്നുവെന്നും മന്നം ജയന്തി സമ്മേളനത്തിൽ സ്വാഗതം ആശംസിച്ച് അദ്ദേഹം പറഞ്ഞു.
യുവതികളെ പതിനെട്ടാംപടി ചവിട്ടിക്കാതെ പ്രത്യേക വഴിയിലൂടെയാണ് പൊലീസുകാർ ദർശനം നടത്തിച്ചത്. 22ന് കേസിൽ അനുകൂല തീരുമാനമുണ്ടാകും. നിയമ യുദ്ധം തുടരും. എല്ലാം കോടതിയാണ് നിശ്ചയിക്കുന്നത്. അയ്യപ്പനെക്കാൾ വലിയ നിയമപാലകർ ഈ രാജ്യത്ത് ഉണ്ടെങ്കിൽ വിപരീത ദിശയിലേക്ക് ഫലം പോകാം. അങ്ങനെയാണെങ്കിൽ ഓർഡിനൻസിനായി എൻ.എസ്.എസ് വിശ്വാസികൾക്കൊപ്പം കേന്ദ്രഗവൺമെന്റിനെ സമീപിക്കും- അദ്ദേഹം പറഞ്ഞു.
യുവതികൾ പ്രവേശിച്ചത് പരാജയമായി കാണേണ്ടെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ പറഞ്ഞു. നട്ടെല്ലില്ലാത്ത രീതിയിൽ ആണ് യുവതികളെ ശബരിമലയിൽ കയറ്റിയത്. ഇന്ദു മൽഹോത്രയുടെ വിധി അംഗീകരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിന്റെ പേരിൽ ആരെയെങ്കിലും വേദനിപ്പിക്കുന്നത് ഹിംസാത്മകമാണെന്ന് സാഹിത്യകാരൻ സി. രാധാകൃഷ്ണൻ പറഞ്ഞു. മന്നം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.