തലയോലപ്പറമ്പ് : പള്ളിക്കവലയിലും സെൻട്രൽ ജംഗ്ഷനിലും രാത്രികാലങ്ങളിൽ യാത്രക്കാർക്ക് ഇനി ടോർച്ചും മൊബൈൽ ഫോൺ വെട്ടവും ഇല്ലാതെ ധൈര്യമായി സഞ്ചരിക്കാം. അധികൃതരുടെ അവഗണനയെ തുടർന്ന് ഇരുളടഞ്ഞ ജംഗ്ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ വീണ്ടും മിഴിതുറന്നു. ജനത്തിരക്കേറിയ ഇരു ജംഗ്ഷനുകളിലും യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് കഴിഞ്ഞ 27 ന് കേരളകൗമുദിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ഒരു വർഷം മുൻപ് പഞ്ചായത്ത് പള്ളിക്കവലയിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ മൂന്ന് ലീഫുകൾ നന്നാക്കിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഇത് വീണ്ടും തകരാറിലാകുകയായിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്നുവരുന്ന നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും പള്ളിക്കവല, സെൻട്രൽ ജംഗ്ഷൻ എത്തിയാണ് മറ്റിടങ്ങളിലേക്ക് പോകുന്നത്. വെളിച്ചം ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ വാഹനയാത്രക്കാർക്ക് ദിശ മനസിലാക്കാൻ പ്രയാസമായിരുന്നു. നാല് റോഡുകൾ സംഗമിക്കുന്ന പള്ളിക്കവലയിൽ ഇതോടെ അപകടങ്ങളും ഗതാഗതക്കുരുക്കും നിത്യസംഭവമായി. അന്തർസംസ്ഥാന ബസുകൾ വന്ന് യാത്രക്കാരെ കയറ്റി ഇറക്കുന്നതും ഈ ജംഗ്ഷനുകളിലായിരുന്നു. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചമായിരുന്നു പലർക്കും ആശ്രയം. കടയടച്ച് കഴിഞ്ഞാൽ പ്രദേശം പൂർണമായും ഇരുട്ടിലായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷാജി, വാർഡംഗം മോളി ആന്റണി എന്നിവർ മുൻകൈയെടുത്താണ് ലൈറ്റുകളുടെ തകരാർ പരിഹരിച്ചത്.