വൈക്കം: വീട്ടമ്മമാർക്ക് അധിക വരുമാനമാർഗമൊരുക്കാൻ ടി.വി പുരം പഞ്ചായത്ത് വിഭാവനം ചെയ്ത ആടുഗ്രാമം പദ്ധതിക്ക് തുടക്കമായി. ആറായിരം രൂപ വിലവരുന്ന ആറു മുതൽ ഒരുവയസുവരെ പ്രായമുള്ള നാടനും സങ്കര ഇനത്തിലും പെട്ട രണ്ട് ആട്ടിൻകുട്ടികളെയാണ് നൽകുന്നത്. ജനറൽ വിഭാഗത്തിന് 50 ശതമാനവും പട്ടികജാതി വിഭാഗത്തിന് 75 ശതമാനം സബ്സിഡിയിലുമാണ് ആടുകളെ നൽകുന്നത്. 137 കുടുംബങ്ങൾക്കായി 9 ലക്ഷമാണ് പദ്ധതിയ്ക്കായി വിനിയോഗിക്കുന്നത്. ക്ഷീരമേഖലയിലേയ്ക്ക് പുതിയ കർഷകരെ കൊണ്ടുവരുന്നതിനായി ഒരു വയസ് പ്രായമുള്ള 70 കിടാരികളെ വിതരണം ചെയ്ത 10 ലക്ഷം രൂപയുടെ പദ്ധതിയും പഞ്ചായത്ത് നടപ്പാക്കിയിരുന്നു. കന്നുകുട്ടി പരിപാലനത്തിനായി ഈ സാമ്പത്തിക വർഷവും ഏഴു ലക്ഷം വിനിയോഗിക്കുന്നുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി നിർവഹിച്ചു. വെറ്റിനറി ഡോ.നിമ്മി, പഞ്ചായത്തംഗങ്ങളായ ടി.എസ്.സെബാസ്റ്റ്യൻ, രമശിവദാസ്, ഗീതാ ജോഷി, ഷീലസുരേശൻ, അനിയമ്മ അശോകൻ, സന്ധ്യഅശോകൻ, ജീനാ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.