കോട്ടയം: വിശ്വാസികളെ വേദനിപ്പിക്കാനുള്ള ക്രൂരമായ ഗൂഢാലോചനയും മുഖ്യമന്ത്രിയുടെ ദുർവാശിയുമാണ് സന്നിധാനത്ത് യുവതികളെ കയറ്റിയതുവഴി നടപ്പായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
യുവതികളെ കരുതിക്കൂട്ടി പൊലീസ് സംരക്ഷണത്തോടെ കയറ്റിയതുവഴി ആചാരലംഘനത്തിന് മുഖ്യമന്ത്രി കൂട്ടുനിന്നു. ആചാരലംഘനം നടത്താനാണ് വനിതാ മതിൽ പണിതത്. സാവകാശഹർജി 22ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഇരുമുടിക്കെട്ടില്ലാതെ രണ്ട് ആക്ടിവിസ്റ്റുകളെ കയറ്റിയത്. കുറേ ദിവസങ്ങളായി ആ യുവതികൾ കോട്ടയം എസ്.പിയുടെ സംരക്ഷണയിലായിരുന്നോ എന്ന് സംശയമുണ്ട്. നട അടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി നൂറ് ശതമാനം ശരിയാണ്. ശബരിമല യുവതീപ്രവേശനത്തിന് സർക്കാർ കൂട്ടുനിന്നതിനെതിരെ യു.ഡി.എഫ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ യോഗം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.