കോട്ടയം: ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ പരക്കെ അക്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. പതിവ് ഹർത്താൽ പോലെയായിരിക്കില്ലെന്നും ആസൂത്രിത ആക്രമണമുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. ഹർത്താലിന്റെ മറവിൽ ചില സാമൂഹ്യ വിരുദ്ധർ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കാമെന്നും പൊലീസ് കരുതുന്നു. അതേസമയം ക്രമസമാധാന പ്രശ്നമുണ്ടായാൽ ശക്തമായി നേരിടാൻ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നിർദേശം നൽകി.

യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ നടത്തിയ മാർച്ച് അക്രമാസക്തമായ പശ്ചാത്തലത്തിലാണ് കോട്ടയത്ത് അക്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയത്. കാഞ്ഞിരപ്പള്ളി, കോട്ടയം, എരുമേലി, കുമരകം പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. വണ്ടി തടയുകയും നിർബന്ധിച്ച് കട അടപ്പിക്കുകയും ചെയ്താൽ അറസ്റ്റ് ചെയ്ത് നീക്കും. ആക്രമിച്ചാൽ അടിച്ചോടിക്കാനും ജാമ്യമില്ലാ വകുപ്പ് ചുമത്ത് അകത്തിടാനും നിർദേശമുണ്ട്. പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടപരിഹാരം ഈടാക്കണം. കടതുറക്കാനും വാഹനങ്ങൾ നിരത്തിലിറങ്ങാനുമുള്ള എല്ലാ സൗകര്യവും പൊലീസ് ചെയ്തു കൊടുക്കണം.

ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ ആസൂത്രണത്തോടെയാണ് യുവതികൾ മലചവിട്ടിയതെന്ന് ആരോപിച്ച് സംഘപരിവാർ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ചുമതലയുള്ള ജില്ലയിൽ തന്നെ കൂടുതൽ അക്രമത്തിന് സാദ്ധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഹർത്താൽ അനുകൂലികളെ നേരിടേണ്ടത് സംബന്ധിച്ച് എല്ലാ ഡിവൈ.എസ്.പിമാർക്കും ജില്ലാ പൊലീസ് മേധാവി ഇന്നലെ വൈകിട്ടോടെ നിർദേശം നൽകി. അതിനിടെ സി.പി.എമ്മുമായി സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താനും നിർദേശമുണ്ട്.

കുമരകത്ത് സംരക്ഷണം കൊടുക്കുമെന്ന് ഡി.വൈ.എഫ്.ഐ

ടൂറിസം കേന്ദ്രമായ കുമരകത്ത് ഹർത്താലിന് ആരും കട അടയ്ക്കേണ്ടെന്നും സംരക്ഷണം കൊടുക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി ഡി.വൈ.എഫ്.ഐ രംഗത്തെത്തി. സി.പി.എം-ബി.ജെ.പി സംഘർഷം നിലനിൽക്കുന്ന കുമരകത്ത് ഇതോടെ കനത്ത സുരക്ഷ ഒരുക്കാനാണ് പൊലീസ് നിർദേശം.

 സഹകരിക്കില്ലെന്ന് വർക്‌ഷോപ്പ് ഉടമകൾ

ഹർത്താലിനോട് സഹകരിക്കില്ലെന്ന് അസോസിയേഷൻ ഒഫ് ആട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള ജനറൽ സെക്രട്ടറി കെ.ജി.ഗോപകുമാർ പറഞ്ഞു

കടതുറക്കില്ലെന്ന് വ്യാപാരികൾ

സംഘടന ഹർത്താലിന് എതിരാണെങ്കിലും അക്രമമുണ്ടാകുമെന്ന ഭീതിയിള്ളതിനാൽ നഗരങ്ങളിൽ കടകൾ തുറക്കേണ്ടെന്നാണ് തീരുമാനം. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാവുക. സംഘർഷമില്ലാത്ത സ്ഥലങ്ങളിൽ കട തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട് ''

- എ.കെ.എൻ പണിക്കർ, (ജില്ലാ ജനറൽ സെക്രട്ടറി, വ്യാപാരി ഏകോപന സമിതി)