കോട്ടയം : ശബരിമലയിൽ യുവതികൾ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതിയും ബി.ജെ.പിയും ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. തിരുനക്കര ക്ഷേത്ര മൈതാനത്ത് നിന്ന് ആരംഭിച്ച മാർച്ച് കെ.കെ റോഡിലൂടെ കളക്‌ടറേറ്റിനു മുന്നിലെത്തിയപ്പോൾ ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു.
തിരുനക്കര ക്ഷേത്ര മൈതാനത്തെ ഗോപുരത്തിന് മുന്നിൽ അയ്യപ്പന്റെ ചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിച്ച ശേഷം ശരണം വിളികളോടെയായിരുന്നു പ്രതിഷേധ പ്രകടനം തുടങ്ങിയത്. ഗാന്ധി സ്‌ക്വയറിൽ പ്രകടനമെത്തിയപ്പോൾ യു.ഡി.എഫിന്റെ പ്രതിഷേധ യോഗം നടക്കുകയായിരുന്നു. ബി.ജെ.പി പ്രകടനത്തിനു കടന്നു പോകാൻ വഴിയൊരുക്കാൻ പൊലീസ് യു.ഡി.എഫ് പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതെ പ്രവർത്തകർ റോഡിനു നടുവിലേയ്‌ക്കെത്തി. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇവരെ ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് ബി.ജെ.പി പ്രകടനത്തിനു കടന്നു പോകാൻ വഴിയൊരുക്കിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യു.ഡി.എഫ് യോഗം.
ൽ ശബരിമല കർമ്മ സമിതിയുടെ പ്രതിഷേധ യോഗം ഹിന്ദു ഐക്യ വേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ഉദ്ഘാടനം ചെയ്‌തു. ബിജെപി ദേശീയ സമിതി അംഗം പി.കെ കൃഷ്‌ണദാസ് , സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, മേഖലാ അദ്ധ്യക്ഷൻ എൻ.കെ നാരായണൻ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് എൻ. ഹരി, ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ, നേതാക്കളായ സി.എൻ സുഭാഷ്, എം. എസ് മനു, ഡി.ശശികുമാർ, ആർ.സാനു, ടി. എൻ ഹരികുമാർ, യുവമോർച്ചാ ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്‌ണ, വി.പി മുകേഷ്, ശബരിമല കർമ്മ സമതിി ജില്ലാ കൺവീനർ ടി.എ പ്രസാദ് എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിനു ശേഷം മടങ്ങിയ പ്രവർത്തകർ ചിലയിടങ്ങളിൽ പൊലീസ് വാഹനങ്ങൾ തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി.