കോട്ടയം: ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിൽ ജില്ലയിൽ അങ്ങിങ്ങ് അക്രമം. കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരവ്യവസായ ഏകോപനസമിതി പ്രഖ്യാപിച്ചെങ്കിലും സംഘർഷസാദ്ധ്യത കണക്കിലെടുത്ത് ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. സർക്കാർ ഓഫിസുകളിലും ഹാജർ നില കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചില്ല. സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തിയില്ല.
കോട്ടയം നഗരം ശാന്തമായപ്പോൾ സമീപ പ്രദേശങ്ങളിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. സി.പി.എം പുതുപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് കല്ലെറിഞ്ഞു തകർത്തു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ തിരിച്ചും കല്ലെറിഞ്ഞു. 4 പേർക്ക് പരിക്കേറ്റു. ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രഹ്മമംഗലത്ത് ഗ്രാമസ്വരാജ് ബാങ്ക് അടപ്പിക്കാനുള്ള ശ്രമം സി.പി.എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ തടഞ്ഞത് സംഘർഷത്തിനിടയാക്കി. തുടർന്നുണ്ടായ ആക്രമണത്തിൽ സി.പി.എം ബ്രഹ്മമംഗലം ലോക്കൽ കമ്മിറ്റിയംഗം കെ.പി പ്രിയേഷ്, ബ്രാഞ്ച് സെക്രട്ടറി നികേഷ് ശശീന്ദ്രൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അഖിൽ കൃഷ്‌ണ, ട്രഷറർ ശരൺ കാന്ത് എന്നിവർക്ക് പരിക്കേറ്റു. ചങ്ങനാശേരിയിൽ സി.പി.എം ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസിനു നേരെയും ആക്രമണമുണ്ടായി. ലോക്കൽ സെക്രട്ടറി പി.എ.നിസാറിന് പരിക്കേറ്റു. നഗരത്തിലെ ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് അസോസിയേഷൻ ഓഫീസിനു നേരെയും ആക്രമണമുണ്ടായി. ഇതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സി.പി.എം - സി.ഐ.ടി.യു - ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബി.ജെ.പിയുടെയും സംഘപരിവാർ സംഘടനകളുടെയും കൊടിമരം തകർത്ത് കൊടികൾ റോഡിലിട്ട് കത്തിച്ചു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 11 പേരെ കസ്റ്റഡിയിൽ എടുത്തു. കറുകച്ചാലിൽ കട അടപ്പിക്കാൻ ശ്രമിച്ച അഞ്ചുപേരെ കസ്റ്റഡിയിൽ എടുത്തു.
പാലായിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണമുണ്ടായി. എരുമേലിയിൽ തുറന്ന കടകൾ ബലം പ്രയോഗിച്ച് അടയ്‌ക്കാൻ ശ്രമച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. പൊൻകുന്നത്ത് എസ്.ബി.ടിയുടെ ചില്ല് തകർത്തു. മോർ സൂപ്പർമാർക്കറ്റ് അടപ്പിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷമുണ്ടാക്കി. മാനേജരെ ഭീഷണിപ്പെടുത്തുകയും, കട അടയ്‌ക്കാൻ ശ്രമിക്കുകയും ചെയ്‌ത അഞ്ചു പേർക്കെതിരെ കേസെടുത്തു. പുതുപ്പള്ളിയിൽ ഹർത്താൽ അനുകൂലികൾ സ്വകാര്യ ബാങ്ക് അടയ്‌ക്കാനുള്ള ശ്രമത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് പന്ത്രണ്ട് ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു നീക്കി. കോട്ടയം നഗരത്തിൽ പ്രകടനം നടത്തിയ പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം സി.ഐ.ടി.യു കൊടിമരം തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസുമായി നേരിയ വാക്കേറ്റമുണ്ടായി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിൻതിരിപ്പിച്ചു. ടൂറിസം മേഖലയായ കുമരകത്ത് ഹർത്താൽ സമാധാനപരമായിരുന്നു. കടകൾ എല്ലാം തുറന്ന് പ്രവർത്തിച്ചു.