കോട്ടയം: പാത്താമുട്ടത്ത് പള്ളിക്കും കരോൾ സംഘത്തിനും നേരെയുണ്ടായ ആക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഇന്ന് പരുത്തും പാറയിൽ നിന്ന് എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ,ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 ന് മാർച്ച് ആരംഭിക്കും 11 ന് എസ്.പി ഓഫീസിനു മുന്നിൽ ചേരുന്ന പ്രതിഷേധ യോഗം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ഡിവൈ.എഫ്.ഐ അക്രമം ഭയന്ന് സ്ത്രീകളും കുട്ടികളുമടക്കം സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ കഴിയുകയാണ്. ഇവരെ ആക്രമിച്ചതിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണം. ഉന്നത സമ്മർദ്ദം മൂലം ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. ജില്ലാ കളക്ടർ മുൻ കൈയെടുത്ത് പ്രശ്ന പരിഹാരത്തിന് ചർച്ച നടത്താത്തത് മനുഷ്യത്വരഹിത നടപടിയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ഓപ്പറേഷൻ പിണറായിയാണ് ശബരിമലയിൽ നടന്നത്. തന്ത്രിയ്ക്കെതിരെ നടപടിയെടുക്കുമെന്നു പറയുന്ന മുഖ്യമന്ത്രി പകരം മന്ത്രിയെ തന്ത്രിയാക്കുമോ. മുഖ്യമന്ത്രിയുടെ പരിധി വിട്ട നടപടിയാണ് കേരളത്തെ കലാപ ഭൂമിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.