ഈരാറ്റുപേട്ട: ഹർത്താൽദിനത്തിൽ ഈരാറ്റുപേട്ടയിലെ വ്യാപാരികൾ കടകൾ തുറന്നു പ്രതിഷേധിച്ചു. ആര് ഹർത്താൽ നടത്തിയാലും ഇനി കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനി സമിതി നേതാക്കൾ അറിയിച്ചു. പ്രതിഷേധ സൂചകമായി രാവിലെ 9 ന് തുറന്ന കടകൾ ഉച്ചയോടെ അടച്ചു. വാഹനങ്ങളില്ലാത്തതിനാൽ ജീവനക്കാർക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ലെന്നും അതിനാലാണ് കടകൾ നേരത്തെയടച്ചതെന്നും വ്യാപാരികൾ പറഞ്ഞു. ഇനിമുതൽ പകരം സംവിധാനം കണ്ടെത്തി ഹർത്താൽ ദിനത്തിൽ മുഴുവൻ സമയം കടകൾ തുറക്കാനാണ് ഇവരുടെ തീരുമാനം. ഭൂരിഭാഗം ഓട്ടോറിക്ഷകളും സർവീസ് നടത്തി. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തിയില്ല. പൂഞ്ഞാറിലും ഹർത്താൽ പൂർണമായിരുന്നു. പനയോലയിൽ പോസ്റ്ററൊട്ടിച്ചായിരുന്നു കർമ്മസമിതി പ്രവർത്തകർ പ്രകടനം നടത്തിയത്. വസ്ത്രത്തിൽ കറുത്തബാഡ്ജും ധരിച്ചിരുന്നു.