വൈക്കം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിനിടെ നിയോജകമണ്ഡലം കൺവീനർ അക്കരപ്പാടം ശശിയെ മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് വൈക്കം താലൂക്കിൽ നടത്തിയ ഹർത്താൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു. ഇരുചക്രവാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. രാവിലെ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. പോൾസൺ ജോസഫ്, എൻ.എം.താഹ, അഡ്വ.വി.വി.സത്യൻ, മോഹൻ.ഡി. ബാബു, പി.വി പ്രസാദ്, അഡ്വ.പി.പി സിബിച്ചൻ, കെ.ഗിരീഷ്, ജയ് ജോൺ പേരയിൽ, ബി.അനിൽകുമാർ, മാധവൻകുട്ടി കറുകയിൽ, എബ്രഹാം പഴയകടവൻ, ജമാൽകുട്ടി സെബാസ്റ്റ്യൻ ആന്റണി, ഇടവട്ടം ജയകുമാർ, പി.ഡി.ഉണ്ണി തുടങ്ങിയവർ നേതൃത്വം നൽകി. മർദ്ദനത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് 7 ന് രാവിലെ 10 ന് വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്യും.