പനച്ചിക്കാട് : ഹർത്താൽ ദിനത്തിൽ പനച്ചിക്കാടുണ്ടായ സംഘർഷത്തിൽ രണ്ടു സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം പുതുപ്പള്ളി ഏരിയാ കമ്മിറ്റി അംഗവും , പനച്ചിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.കെ മോഹനൻ (68 ), സി.ഐ.ടി.യു തൊഴിലാളിയായ ചോഴിയക്കാട് മംഗലത്ത് അജിത്ത് (40) എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് 6.30 ഓടെ കച്ചേരിക്കവലയിലായിരുന്നു സംഭവം. രാവിലെ ഹർത്താൽ അനുകൂലികൾ നടത്തിയ പ്രകടനത്തിൽ സി.പി.എമ്മിന്റെ കൊടിമരങ്ങൾ തകർത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചു പ്രകടനം നടത്തുന്നതിനിടെ കച്ചേരിക്കവലയിൽ എത്തിയപ്പോൾ ബി.ജെ.പി പ്രവർത്തകർ കല്ലെറിയുകയും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നുവെന്നു സി.പി.എം ആരോപിച്ചു.
സംഘർഷസാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.