ഏറ്റുമാനൂർ : ഭവന നിർമ്മാണത്തിനായുള്ള കട്ടയും സിമന്റുമൊക്കെ ചുമന്ന് പ്രളയബാധിതന് കൈത്താങ്ങായി മാറിയിരിക്കുകയാണ് ജില്ലയിലെ സഹകരണ മേഖലയിലെ ഉദ്യോഗസ്ഥർ. പുലിക്കുട്ടിശ്ശേരി എൺപതിൽച്ചിറ വീട്ടിൽ കെ.ടി.ബാബുവിന്റെ വീട് നിർമ്മാണത്തിനാണ് ഉദ്യോഗസ്ഥർ ഒരേ മനസ്സോടെ ഒത്തുചേർന്നത്. നിർദ്ധനനായ ബാബുവിന്റെ വീട് പ്രളയത്തിൽ പൂർണമായും തകർന്നിരുന്നു. വാഹനങ്ങൾ കടന്നു ചെല്ലാത്ത ഇവിടേക്ക് വള്ളത്തിലും തുടർന്ന് കുടുവത്ര പാടത്തിന്റെ വരമ്പിലൂടെ ഏറെ ദൂരം ചുമന്നുമാണ് നിർമ്മാണ സാമഗ്രികൾ എത്തിച്ചത്. പ്രായോഗിക ബുദ്ധിമുട്ടുകൾ മനസിലാക്കിയ സഹകരണ ജോയിന്റ് രജിസ്ട്രാർ എം.ബിനോയ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് അവധി ദിവസങ്ങളിലും ഉദ്യോഗസ്ഥർ ഭവന നിർമ്മാണത്തിൽ പങ്കാളികളായത്. സഹകരണ മേഖലയുടെ കെയർ ഹോം പദ്ധതി പ്രകാരം ജില്ലയിൽ 83 വീടുകൾ നിർമ്മിച്ചു നൽകും. അയ്മനം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് ബാബുവിന് വീട് നിർമ്മിച്ചു നൽകുന്നത്.