കുമരകം :കുമരകം പത്തുപങ്ക് പ്രദേശവാസികളുടെ ശനിദശ മാറുന്നു. വർഷങ്ങളോളം വഴിയില്ലാതെ ദുരിതം അനുഭവഭിച്ച കുമരകം - മുത്തേരിമട - പത്തുപങ്ക് പ്രദേശത്താണ് പുതിയ റോഡ് നിർമ്മിക്കുന്നത്.
റോഡിനായുള്ള എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായി.ജില്ലാ പഞ്ചായത്ത് 32 ലക്ഷമാണ് അനുവദിച്ചിരിക്കുന്നത്. മുത്തേരിമട പാലം മുതൽ പത്തുപങ്ക് വരെ 1 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. വെള്ളം കയറുന്ന പ്രദേശമായതിനാൽ ഉയരം കൂട്ടി ആധുനിക നിലവാരത്തിലാണ് നിർമ്മാണം. കുമരകം പഞ്ചായത്തിലെ ഏഴാം വാർഡിലൂടെയാണ് പത്തുപങ്ക് റോഡ് കടന്നു പോകുന്നത്.കുമരകം ഗവ.എച്ച്.എസ്, എസ്.കെ.എം സ്‌കൂൾ, കുമരകം ബസാർ യു.പി സ്‌കൂൾ, എസ്.എൽ.വി എൽ.പി.എസ്, പഞ്ചായത്ത് എൽ.പി.എസ് തുടങ്ങിയ സ്‌കൂളുകളിലേക്ക് പോകുന്ന നിരവധി വിദ്യാർത്ഥികളാണ് ഈ വഴിയെ ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷം ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണം വൈകിയതിൽ പ്രതിഷേധമുയർന്നിരുന്നു. എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായ സ്ഥിതിക്ക് റോഡിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുമരകം എസ്.എൻ കോളേജിന് സമീപത്തായി പുതിയ റോഡ് നിർമ്മിക്കുന്നതിനായും ജില്ലാ പഞ്ചായത്ത് 6 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജനുവരി 15 ഓടെ പത്തുപങ്ക് റോഡിന്റെ നിർമ്മാണം ആരംഭിക്കും. പുതിയ വഴി ഒരുങ്ങുന്നതോടെ പ്രദേശവാസികളുടെ വർഷങ്ങളായുള്ള ദുരിതത്തിന് പരിഹാരമാകും.
ദുരിത പർവം
ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത ഒരു കുടുസു വഴിയാണ് നിലവിലുള്ളത്. ഒരു മഴ പെയ്‌താൽ ചെളിയാകുന്ന ഇവിടെ കാൽനട പോലും അസാദ്ധ്യമാണ്. റോഡ് താഴ്ന്നു കിടക്കുന്നതിനാൽ വെള്ളപ്പൊക്ക സമയത്ത് റോഡിൽ പൂർണമായും വെള്ളം കയറും. രാത്രിയിൽ ഒരു അപകടമുണ്ടായാൽ വാഹനങ്ങൾക്ക് പോലും എത്താനാകില്ല.
മുത്തേരിമട പത്തുപങ്കൽ റോഡിന് സമീപത്തുള്ള കണ്ണാടിച്ചാൽ റോഡിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കും. ഇതിനായി 12.50 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്. പ്രളയത്തിൽ റോഡ് തകർന്നിരുന്നു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ മണ്ണിട്ട് ഉയർത്തിയാണ് നിർമ്മാണം നടത്തുക. കുമരകം പ്രദേശത്തെ പുതിയ റോഡുകളുടെ നിർമ്മാണം മാർച്ചിന് മുമ്പ് പൂർത്തിയാക്കും.
ജയേഷ് മോഹൻ, ജില്ലാ പഞ്ചായത്തംഗം