കുടയംപടി : മാലിന്യത്തിൽ നിന്നും കരകയറാനാകാത്ത അവസ്ഥയിലാണ് കുടയംപടി തോട്.
ഒരിക്കൽ മാലിന്യത്തിൽ മുങ്ങിക്കിടന്ന തോടിനെ മാലിന്യമുക്തയാക്കിയെങ്കിലും തോട്ടിലേയ്ക്ക് വീണ്ടും മാലിന്യം തള്ളുകയാണ്.
ഹരിതകേരളം പദ്ധതിയിലൂടെ നവീകരിച്ച തോടിനാണ് വീണ്ടും മാലിന്യവാഹിനിയാകേണ്ടി വന്നത്.
പ്ലാസ്റ്റിക്ക് കുപ്പികൾ, അറവുശാല- മത്സ്യമാർക്കറ്റുകളിൽ നിന്നുള്ള അവശിഷ്‌ടങ്ങൾ തുടങ്ങിയവ വീണ്ടും നിക്ഷേപിച്ചതോടെ ഒഴുക്ക് നിലച്ചിരിക്കുകയാണ്.ഒരു കാലത്ത് ഈ തോട്ടിലൂടെ കടത്തു വള്ളങ്ങൾ വരെ പോയിരുന്നു. മുൻപ് മാലിന്യം നിറഞ്ഞ് രോഗ ഭീതി വിതച്ചതോടെയാണ് തോട് നവീകരിച്ചത്.അന്ന് അയ്‌മനം പഞ്ചായത്ത് ഹരിതകേരളം പദ്ധതിയുടെ ഭാഗമാക്കി ' ക്ലീൻ അയ്‌മനം ' പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു നവീകരണം. എന്നാൽ ആറ് മാസം തികയും മുമ്പ് ലക്ഷങ്ങൾ മുടക്കി വൃത്തിയാക്കിയ തോട്ടിലേയ്ക്ക് വീണ്ടും മാലിന്യം തള്ളിയിരിക്കുകയാണ്. ഒഴുക്ക് നിലച്ച വെള്ളത്തിന്റെ നിറവും മാറിയിട്ടുണ്ട്.
പല സ്ഥലങ്ങളിൽ നിന്നും രാത്രി വാഹനങ്ങളിൽ മാലിന്യം എത്തിച്ച് കുടയംപടി പാലത്തിൽ നിന്ന് താഴേക്ക് ഇടുന്നതാണ് രീതി.
പഞ്ചായത്ത് ഇടപെട്ട് ഇനി തോട് വൃത്തിയാക്കിയാലും വീണ്ടും മലിനമാക്കാതിരിക്കാൻ സി.സി.ടി.വി കാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളം മലിനമായതോടെ പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതായും പരാതിയുണ്ട്. ചില സ്ഥാപനങ്ങളിൽ നിന്നും കക്കൂസ് മാലിന്യവും ഒഴുക്കി വിടുന്നതായി ആക്ഷേപമുണ്ട്.
ക്ലീൻ അയ്‌മനം
കുടയംപടി തോട് മുതൽ നൂറ് കിലോമീറ്ററോളം ആഴംകൂട്ടി വൃത്തിയാക്കി നീരൊഴുക്ക് വീണ്ടെടുത്തിരുന്നു. പഞ്ചായത്തിന്റെയും ഇറിഗേഷൻ വകുപ്പിന്റെയും ഫണ്ട് ഉപയോഗിച്ച് തൊഴിലുറപ്പ് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. പൊതുജനങ്ങൾക്ക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിരുന്നു.
തോട് ആഴംകൂട്ടി വൃത്തിയാക്കാനുള്ള നടപടികൾ ഈ മാസം അവസാനത്തോടെ ആരംഭിക്കും. ഇറിഗേഷന്റെയും പഞ്ചായത്തിന്റെയും ഫണ്ടാണ് ഇതിനായി ഉപയോഗിക്കുക. ഒപ്പം മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനമെടുക്കും. കുടയംപടി തോട് വൃത്തിയാകുന്നതോടെ ഈ പ്രദേശത്തെ വെള്ള ക്ഷാമത്തിനും ഒരു പരിഹാരമാകും. ''
അനീഷ് (അയ്‌മനം പഞ്ചായത്ത് മെമ്പർ)