thaluk-hospital

പാമ്പാടി :താലൂക്കാശുപത്രിയിലെത്തുന്ന രോഗികളെ ഏറെ വലയ്ക്കുന്നതാണ് റോഡിലെ തിക്കും തിരക്കും.

ആശുപത്രി ജംഗ്ഷനിലെ തിരക്കുകൾ കുറയ്ക്കാൻ ട്രാഫിക് പരിഷ്കരണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

വളരെ തിരക്കേറിയ ജംഗ്ഷനാണിത്.അതുകൊണ്ട് തന്നെ ഗതാഗതകുരുക്കും ഇവിടെ സ്ഥിരമാണ്.

പലപ്പോഴും രോഗികളുമായെത്തുന്ന വാഹനങ്ങൾ ഏറെ നേരം ഈ കുരുക്കിൽ പെട്ട് കിടക്കാറുണ്ട്.

ആലാംമ്പള്ളി ജംഗ്ഷനിൽ ഹോം ഗാർഡിന്റെ സേവനം ലഭ്യമാണെങ്കിലും ആശുപത്രി ജംഗ്ഷനിൽ മറ്റു ക്രമീകരണങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല .ദേശീയ പാതയിൽ നിന്നും വരുന്ന ബസുകൾക്ക് ആശുപത്രി ജംഗ്ഷനിൽ ബസ് സ്റ്റോപ്പ് ഉണ്ട്‌ .എന്നാൽ കറുകച്ചാൽ ,മീനടം റൂട്ടിലെ സ്വകാര്യ ബസുകൾ മാത്രമാണ് സ്റ്റോപ്പിൽ നിറുത്തുന്നത്.അതേ സമയം ബസുകൾ റോഡിൽ ഏറെ നേരം നിറുത്തിയിടുന്നത് ട്രാഫിക് ബ്ലോക്കിനും കാരണമാകുന്നു. ദേശീയ പാത വീതികൂട്ടുന്നതിന്റെ ഭാഗമായി ബസ് ബേ കൂടി നിർമ്മിച്ചാൽ സ്റ്റോപ്പിൽ ബസ് നിർത്തുമ്പോൾ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാനാകും. ദേശീയപാത അധികൃതർ പാത വീതി കൂട്ടുന്നതിനായിയി സ്ഥലം ഏറ്റെടുത്തെങ്കിലും കാലങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. അതിനാൽ അടിയന്തരമായി താലൂക്കാശുപത്രി ജംഗ്ഷനിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കണമെന്നാണ് രോഗികളും പ്രദേശവാസികളും ഒരുപോലെ പറയുന്നത്.