കോട്ടയം: ലക്ഷങ്ങൾ പൊടിച്ചിട്ടും എങ്ങും എത്താതെ പോയ നഗരസഭാ പദ്ധതികളുടെ ഫോട്ടോ പ്രദർശനവുമായി ഫെയ്‌സ്ബുക്ക് കൂട്ടായ്‌മ. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന '' നമ്മുടെ കോട്ടയം '' എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് ഇന്നലെ നഗരസഭയ്ക്ക് മുമ്പിൽ പാഴായ പദ്ധതികളുടെ ഫോട്ടോകൾ പ്രദർശിപ്പിച്ചത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയായിരുന്ന പ്രദർശനം. പൊട്ടിപൊളിഞ്ഞ് നിലംപതിക്കാറായ കോടിമത പച്ചക്കറി മാർക്കറ്റ് മുതൽ പണി നിലച്ച കോടിമത പാലം വരെ പ്രദർശനത്തിലുണ്ടായിരുന്നു. നിരവധി ആളുകളാണ് പ്രദർശനത്തിനെത്തിയത്.
ജില്ലയിൽ ആദ്യമായിട്ടാണ് ഒരു തദ്ദേശസ്ഥാപനത്തിന്റെ പാഴായ പദ്ധതികളുടെ ചിത്ര പ്രദർശനം ആ സ്ഥാപനത്തിന്റെ മുമ്പിൽ തന്നെ സംഘടിപ്പിക്കുന്നത്.
'' നമ്മുടെ കോട്ടയം '' കൂട്ടായ്‌മയുടെ മുഖ്യ സംഘാടകൻ പ്രിൻസ് കിഷോർ, മറ്റ് അംഗങ്ങളായ കെ.പത്മകുമാർ, അഡ്വ.ഉബൈദത്ത്, അനിൽകുമാർ മൂലേടം, മുരളീധരൻ നായർ, രാജേന്ദ്രപ്രസാദ്, രേഖ, സുബൈദ ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇതിനു മുമ്പും ഇവർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കോട്ടയത്തിന്റെ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ കൂട്ടായ്‌മയിൽ ജില്ലയിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പ്രവർത്തിക്കുന്നുണ്ട്.
വരും ദിവസങ്ങളിൽ കോട്ടയത്തെ വിവിധ പഞ്ചായത്തുകളുടെ പാഴായ പദ്ധതികളും പ്രഖ്യാപനങ്ങളും കൂട്ടിച്ചേർത്ത് ചിത്ര പ്രദർശനം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.