കോട്ടയം: പാത്താമുട്ടത്ത് സി.എസ്.ഐ പള്ളിക്കു നേരെയുണ്ടായ ഡി.വൈ.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച്, മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും പങ്കെടുത്ത കോൺഗ്രസ് സമ്മേളനത്തിന്റെ ഭാഗമായ ലോങ് മാർച്ചിനു നേരെ പൊലീസ് അതിക്രമം. ലാത്തിച്ചാർജിൽ നിരവധി കോൺഗ്രസ് നേതാക്കൾക്കും മാധ്യമ പ്രവർത്തകനും പരിക്കേറ്റു. ഗതാഗത തടസ്സം ആരോപിച്ച് ഡിവൈ.എസ്.പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം.
പാത്താമുട്ടം കുമ്പാടി സി.എസ്.ഐ പള്ളിക്കും കരോൾ സംഘത്തിനും നേരെ കഴിഞ്ഞ ദിവസമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമണം നടത്തിയത്. പ്രതിഷേധ സൂചകമായി സംഘടിപ്പിച്ച സമ്മേളനത്തിനു മുന്നോടിയായി നടന്ന കോൺഗ്രസ് ലോങ് മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോൾ മനോജ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം ലിസമ്മ ബേബി, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജൻ പെരുമ്പായിക്കാട്, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈലജ റെജി, മറവൻതുരുത്ത് പഞ്ചായത്ത് അംഗം ലീനാ ഡി.നായർ, മണർകാട് പഞ്ചായത്ത് അംഗം ഗ്രേസി കരിമ്പന്നൂർ, തിരുവാർപ്പ് മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോ, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം എം.കെ ഷിബു എന്നിവർക്കും ഏഷ്യാനെറ്റ് ന്യൂസ് കാമറാമാൻ പ്രസാദ് വെട്ടിപ്പുറത്തിനുമാണ് പരിക്കേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ ഒൻപതിന് ആംഗ്ലിക്കൻ സഭാ ബിഷപ്പ് ഡോ. വത്സൻ വട്ടപ്പാറ ഉദ്ഘാടനം ചെയ്‌ത മാർച്ച് കെ.കെ റോഡ് വഴി ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. തുടർന്ന് സമ്മേളനം ചേരുന്നതിനിടെ, റോഡിൽ നിന്ന കുറച്ചു പ്രവർത്തകരെ ഗതാഗതം തടസപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസ് തള്ളിമാറ്റുകയും ലാത്തി വീശുകയായിരുന്നു. സമ്മേളത്തിന്റെ ഉദ്ഘാടകനായ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എയും അപ്പോൾ വേദിയിൽ ഉണ്ടായിരുന്നു.
നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയും വാഹനങ്ങൾ കടത്തി വിടുകയും ചെയ്‌തു. സമ്മേളനം കഴിഞ്ഞപ്പോൾ കോൺഗ്രസ് പ്രവർത്തകരിൽ ഒരാൾ ഡിവൈ.എസ്.പിയെ അസഭ്യം പറയുകയും, ജോസഫ് വാഴയ്‌ക്കന്റെ കാറിൽ ഒാടക്കയറുകയും ചെയ്തു. കാർ തടഞ്ഞ ഡിവൈ.എസ്.പി ഇയാളെ ചോദ്യം ചെയ്തു. ഇതോടെ പ്രവർത്തകർ കാറിനു ചുറ്റും സംഘടിച്ചു. അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതേച്ചൊല്ലി വീണ്ടും വാക്കേറ്റമുണ്ടായി. പിന്നീട്, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സ്റ്റേഷനിലെത്തി പ്രവർത്തകരെ ജാമ്യത്തിലെടുക്കുകയായിരുന്നു.