water-authority

വൈക്കം: കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലും വൈക്കത്ത് നടുറോഡിലൂടെ പൈപ്പ് ലൈൻ പെട്ടി ജലം പാഴാകുകയാണ്. ശുദ്ധജലവിതരണ പൈപ്പ് ലൈൻ പൊട്ടി ഒഴുകുന്നത് ജലക്ഷാമം മാത്രമല്ല നടുറോഡിൽ വെള്ളക്കുഴിയാകുന്നത് കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കുന്നു. തലയോലപ്പറമ്പ് - വൈക്കം റോഡിൽ ഉദയനാപുരം പഞ്ചായത്ത് ഓഫീസിന് മുൻവശത്തും വല്ലകം സെന്റ് ജൂഡ് ചാപ്പലിന് മുൻവശത്തുമാണ് ആഴ്ചകളായി ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. സമീപത്തെ സ്കൂളുകളിലേയ്ക്കും സർക്കാർ ഓഫീസുകളിലേക്കും വരുന്ന കുട്ടികൾ ഉൾപ്പടെയുള്ള കാൽനടയാത്രക്കാരുടെ മേൽ വാഹനങ്ങൾ ചീറിപ്പായുമ്പോൾ വെള്ളം തെറിക്കുന്നത് പതിവാണ്. മാസങ്ങളായി പൊട്ടിയ പൈപ്പ് നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതാണ് കാരണം. വല്ലകം ചാപ്പലിന് സമീപം പൈപ്പ് പൊട്ടി നിരവധി തവണ വൻകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഒരുമാസം മുൻപ് പൊട്ടിയഭാഗം അറ്റകുറ്റപ്പണികൾ നടത്തി റോഡ് ടാർ ചെയ്തിരുന്നെങ്കിലും ദിവസങ്ങൾക്കകം പൈപ്പ് വീണ്ടും പൊട്ടുകയായിരുന്നു. പൈപ്പിൽ നിന്നും ശക്തിയായി വെള്ളം കുത്തിയൊഴുകിയതിനെ തുടർന്ന് ടാറിംഗ് ഇളകി റോഡിൽ വൻകുഴി വീണ്ടും രൂപ്പപെട്ടിരിക്കുകയാണ്. റോഡിലെ കുഴിയറിയാതെ തന്നെ നിരവധി ഇരുചക്രവാഹന യാത്രാകാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.