കോട്ടയം: ഹർത്താൽ ദിനത്തിൽ പനച്ചിക്കാട് നടന്ന സി.പി.എം - ബി.ജെ.പി സംഘർഷവുമായി ബന്ധപ്പെട്ട് മൂന്നു ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. പനച്ചിക്കാട് ചോഴിയക്കാട് ചാന്നാനിക്കാട് പുത്തൻപറമ്പിൽ മനുക്കുട്ടൻ (26), ആശാരിപ്പറമ്പിൽ സന്തോഷ്‌കുമാർ (29), ചോഴിയക്കാട് എൻ.എസ്.എസ് സ്‌കൂളിനു സമീപം യദുകൃഷ്‌ണൻ (ബാലു - 26) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവരെ റിമാൻഡ് ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയും, പ്രസിഡന്റും അടക്കം അഞ്ചു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഹർത്താൽ ദിവസം വൈകിട്ട് സി.പി.എം നടത്തിയ പ്രകടനത്തിനു നേരെ ബി.ജെ.പി പ്രവർത്തകർ കല്ലെറിഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം. തുടർന്ന് സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

പ്രദേശത്തെ വീടുകൾക്കും, കടകൾക്കും നേരെ ആക്രമണം ഉണ്ടായി. ഇതിന്റെ തുടർച്ചയായി വെള്ളിയാഴ്ച രാത്രി വൈകി പ്രദേശത്തെ കടയ്‌ക്കു നേരെ ഡി.വൈ.എഫ്.ഐ ആക്രമണമുണ്ടായി.

ആക്രമണത്തിൽ പരുത്തുംപാറയിലെ കൃഷ്‌ണ‌ ജനറൽ സ്റ്റോഴ്‌സ് ഉടമ പ്രസീദ് .വി നായർക്ക് സാരമായി പരിക്കേറ്റു. സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രണ്ട് മണിക്കൂർ പനച്ചിക്കാട് പഞ്ചായത്തിൽ കടയടപ്പും, പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.