ചങ്ങനാശ്ശേരി : രാജ്യം മുഴുവൻ ശുചിമുറി നിർമ്മിക്കുമ്പോഴും ചങ്ങനാശ്ശേരി മാർക്കറ്റിലെത്തുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ഇടമില്ല. 50 രൂപ ഓട്ടോറിക്ഷാ കൂലി കൊടുത്ത് കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാൻഡുകളിലെ കംഫർട്ട്‌സ്റ്റേഷനിൽ എത്തേണ്ട ഗതികേടാണുള്ളത്. ടൂറിസം ബോട്ടുജെട്ടിയുടെ പേരിൽ കോടികൾ ചെലവഴിക്കുമ്പോഴാണ് ചങ്ങനാശ്ശേരി മാർക്കറ്റിന് ഈ ദുർഗതി. ഫിഷ് മാർക്കറ്റ്, സസ്യ മാർക്കറ്റ്, വണ്ടിപ്പേട്ട, വട്ടപ്പള്ളി, ചെട്ടിമുക്ക് എന്നിവടങ്ങളിൽ മുമ്പ് ശുചിമുറി ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ഈ അവസ്ഥയിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വ്യാപാരികളും മാർക്കറ്റിലെ തൊഴിലാളികളും ബുദ്ധിമുട്ടുകയാണ്. മാർക്കറ്റിൽ കംഫർട്ട് സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ അടക്കം നിരവധി സംഘടനകളും തൊഴിലാളി യൂണിയനുകളും ആവശ്യപ്പെട്ടിട്ടും അധികാരികൾ ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. ചങ്ങനാശ്ശേരി നഗരസഭ എല്ലാവർഷവും ബഡ്ജറ്റിൽ പ്രഖ്യാപനങ്ങൾ നടത്താറുണ്ട്. കഴിഞ്ഞ ബഡ്ജറ്റിൽ വെളിയിട മലമൂത്ര വിസർജ്ജന വിമുക്ത മേഖലയായി പ്രഖ്യപിച്ചിരുന്നു.
ശുചിത്വ മിഷന്റെ സഹായത്തോടെ സ്വഛ് ഭാരത് അഭിയാന്റെ ഭാഗമായി പബ്ലിക്, കമ്മ്യൂണിറ്റി ടോയ്ലറ്റുകൾ നിർമ്മിക്കാനായി ഫണ്ട് അനുവദിച്ചെങ്കിലും ഒന്നും നടന്നില്ല. അനുവദിച്ച തുക എന്തുചെയ്തെന്നും ആർക്കും അറിയില്ല. മാർക്കറ്റിൽ ശുചിമുറിക്കുവേണ്ടി വിവിധ സംഘടനകളുമായി ചേർന്ന് തൊഴിലാളികൾ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.