പാമ്പാടി: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിരവധി മോഷണങ്ങൾ നടത്തിയ പ്രതി പൊലീസ് പിടിയിലായി. തിരുവനന്തപുരം പള്ളിപ്പുറം റഫീക്ക് മൻസിൽ ചായപുറത്ത് വീട്ടിൽ ഷെമീറിനെ (അബു -19)യാണ് പാമ്പാടി സി.ഐ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. എ.ടി.എം കവർച്ച, മാല പൊട്ടിക്കൽ, വാഹന മോഷണം തുടങ്ങി സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അൻപതിലേറെ കേസുകളിൽ പ്രതിയാണിയാൾ.

കഴിഞ്ഞ ദിവസം പാമ്പാടി സ്റ്റേഷൻ പരിധിയിൽ വിവിധ സ്ഥലങ്ങളിൽ മോഷണം നടന്നിരുന്നു. മഞ്ഞാടിയിലെ ബേക്കറി, എസ്.എൻ.ഡി.പി ഗുരുദേവ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി, പുതുപ്പള്ളിയിലെ കുരിശടി എന്നിവ കുത്തിത്തുറന്ന് പണം കവർന്നിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എസ് മധുസൂദനന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

തുടർന്ന് മോഷണം നടന്ന സ്ഥലങ്ങളിലെ സി.സി.ടി.വി കാമറകളിലെ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് ഷെഫീക്കിലേയ്‌ക്ക് എത്തിച്ചത്. എസ്.ഐമാരായ മിറാഷ് ജോൺ ,ഡാനിയൽ, മനോജ്, ഷാഡോ പോലീസ് അംഗങ്ങളായ പി. വി വർഗീസ് ,എം.എ ബിനോയ് , കെ.എസ് അഭിലാഷ് , ശ്യാം .എസ് നായർ എന്നിവർ ചേർന്നാണ് പ്രതിയെ തിരുവനന്തപുരത്തു നിന്നും കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.