muttam

പനച്ചിക്കാട്: പാത്താമുട്ടത്തെ കോളനിയിൽ വീണ ചെറിയൊരു കനൽ ആളിക്കത്തി തീയായി മാറി...! അതിന്റെ രാഷ്‌ട്രീയ ചൂട് കോട്ടയം നഗരമദ്ധ്യത്തിൽ വരെയെത്തി. പാത്താമുട്ടം മുട്ടുചിറ കോളനിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ക്രിസ്‌മസ് തലേന്ന് കരോളിനെച്ചൊല്ലിയുണ്ടായ തർക്കമാണ് രാഷ്‌ട്രീയം കലർന്നതോടെ കൈവിട്ട് പോയത്.

വർഷങ്ങളായി പ്രദേശത്ത് ഇരുകുടുംബങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നതായി നാട്ടുകാരനായ തെക്കേക്കര ടി.വൈ ജോസ് പറയുന്നു. മുൻ വർഷങ്ങളിലും ക്രിസ്‌മസിന് ഇരുകൂട്ടരും തമ്മിൽ തർക്കവും സംഘർഷവുമുണ്ടായിട്ടുണ്ട്. ഒരു വിഭാഗം സി.എസ്.ഡി.എസ് പ്രവർത്തകരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും ഇദ്ദേഹം പറയുന്നു.

ഡിസംബർ 23 ന് രാത്രിയിലായിരുന്നു സംഭവങ്ങളുടെ തുടക്കം.പള്ളിയിൽ നിന്ന് ഇറങ്ങി വന്ന കരോൾസംഘം, കോളനിയിലെ മറ്റു വീടുകളിലൊന്നും കയറിയില്ല. റോഡരികിലെ രണ്ട് വീട്ടിൽ മാത്രമാണ് കയറിയത്. ഇതിനിടെ ഇവിടെയുള്ള കടയ്‌ക്കു മുന്നിൽ കോളനിയിലെ കുട്ടികൾ കരോളിനായി തയ്യാറെടുപ്പ് നടത്തുന്നുണ്ടായിരുന്നു. അപ്പോഴാണ് പള്ളിയിലെ കരോൾ സംഘം എത്തിയത്. ഇവർ കുട്ടികളുമായി ഏറ്റുമുട്ടുകയായിരുന്നുവെന്ന് കേസിൽ പ്രതിചേർക്കപ്പെട്ട അഖിൽ കുമാറിന്റെയും അജിത് കുമാറിന്റെയും മാതാവ് കാരയ്ക്കാട് കരോട്ട് ചന്ദ്രിക മാധവൻ പറയുന്നു.

'' ‌മകളുടെ കുട്ടിയെ കരോൾ കാണിക്കാനാണ് ജംഗ്ഷനിലെത്തിയത്. പള്ളിയിലെ കരോൾ സംഘം റോഡരികിലിരുന്ന കുട്ടികൾക്കു നേരെ യാതൊരു പ്രകോപനവുമില്ലാതെ കമ്പി വടിയും ബാൻഡ് സെറ്റും അടക്കം ഉപയോഗിച്ച് അടിക്കുകയായിരുന്നു. തട‌യാൻ ചെന്ന എന്നെ അടക്കം ആക്രമിച്ചു. '' ചന്ദ്രിക പറയുന്നു.

ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളെയുമായി ആശുപത്രിയിൽ പോയവരെപ്പോലും പ്രതി ചേർത്തിരിക്കുകയാണ്. ഇത്തരത്തിൽ അന്യായമായി പ്രതി ചേർത്തവർക്ക് കോടതി ജാമ്യം അനുവദിച്ചതോടെയാണ് കോൺഗ്രസ് പ്രതിഷേധം ഏറ്റെടുത്തതെന്നും നാട്ടുകാർ ആരോപിക്കുന്നു. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ മുഖത്ത് കാര വന്ന് പൊട്ടിയതാണ്. ആക്രമണം നടന്നതായി പറയുന്ന പതിനാല് ദിവസം കഴിഞ്ഞിട്ടും ഇവരുടെ മുഖത്തെ സ്റ്റിച്ചെടുത്തില്ലെന്നത് അത്ഭുതകരമാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

ലാത്തിച്ചാർജ്: ഉത്തരവാദി പൊലീസ്

കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ലോംഗ് മാർച്ചിനു നേരെയുണ്ടായ അതിക്രമത്തിനു ഉത്തരവാദി പൊലീസ് മാത്രമാണെന്ന് തിരുവഞ്ചൂ‌ർ രാധാകൃഷ്‌ണൻ എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു. ആക്രമണത്തിനു നേതൃത്വം നൽകിയ ഡിവൈ.എസ്.പി ആർ.ശ്രീകുമാറിനെതിരെ നിയമപരവും രാഷ്ട്രീയവുമായ സമരം നടത്തും. വനിതകൾ അടക്കമുള്ള പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ മർദ്ദനം അഴിച്ചുവിടുകയായിരുന്നു. പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സതേടി നാലുദിവസം കഴിഞ്ഞിട്ടും മൊഴിയെടുക്കാൻ പോലും പൊലീസ് എത്തിയിട്ടില്ല. സ്റ്റേഷനിൽ നിന്നും വീടുകളിലേയ്‌ക്ക് മടങ്ങിയ പ്രവർത്തകരെ പോലും കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് പ്രതിഷേധത്തിന്

ലോംഗ് മാർച്ചിലെ പൊലീസ് നടപടിയുടെ പേരിൽ റിമാൻഡിലായ പൂവൻതുരുത്ത് സ്വദേശി ശ്രീക്കുട്ടന്റെ മാതാപിതാക്കൾ ഇന്ന് രാവിലെ ഒൻപത് മുതൽ ഗാന്ധിസ്‌ക്വയറിൽ ഏകദിന സത്യഗ്രഹം നടത്തും. കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്, ഇന്ന് വൈകിട്ട് നാലിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവുമുണ്ട്.

കണ്ണന്താനം എത്തി

ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് പള്ളിയിൽ കുടുങ്ങിക്കിടന്ന കുടുംബത്തെ ഇന്നലെ രാവിലെ ഒൻപത് മണിയോടെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം സന്ദർശിച്ചു.