sukumaran-nair

കോട്ടയം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിന്റെ പേരിൽ നടക്കുന്ന കലാപങ്ങൾക്കെല്ലാം കാരണക്കാർ സംസ്ഥാന സർക്കാരാണെന്നാണ് ജനം വിലയിരുത്തുന്നതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. സമാധാനപരമായി പരിഹരിക്കാവുന്ന പ്രശ്‌നം സങ്കീർണമാക്കിയത് സർക്കാരാണ്. അനാവശ്യമായി നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസിൽ കുടുക്കി ജയിലിലടയ്ക്കുക, നാട്ടിൽ അരാജകത്വം സൃഷ്ടിക്കുക, എന്തു കള്ളവും മാറിമാറിപ്പറഞ്ഞ് ലക്ഷ്യം സാധൂകരിക്കാൻ ശ്രമിക്കുക, ഹൈന്ദവ ആചാര്യന്മാരെ നികൃഷ്ടമായി അധിക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക ഇതെല്ലാമല്ലേ സർക്കാർ ചെയ്യുന്നത്.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിച്ച് ഈശ്വരവിശ്വാസം നിലനിർത്തേണ്ടത് വിശ്വാസികളുടെ ആവശ്യമാണ്. അത് സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിനുമുണ്ട്. സർക്കാർ അത് ചെയ്തില്ലെങ്കിൽ, അത് സംരക്ഷിക്കാനായി വിശ്വാസികൾ രംഗത്ത് വരുന്നതിൽ തെറ്റുപറയാനാവുമോ..? അതിന് രാഷ്ട്രീയ നിറം കൊടുത്ത് സർക്കാർ പ്രതിരോധിക്കാൻ ശ്രമിക്കുന്നത് ശരിയല്ല.
ഏതു മതത്തിന്റെയായാലും വിശ്വാസം സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ ആവശ്യമാണ്. ശബരിമല വിഷയവും എല്ലാ മത - സാമുദായിക വിഭാഗങ്ങളുമായി ബന്ധപ്പെട്ടതാണ്. വിശ്വാസം തകർക്കാൻ ആരെയും അനുവദിക്കാൻ പാടില്ല. എല്ലാ മതവിശ്വാസികളും ബന്ധപ്പെട്ട സംഘടനകളും വിശ്വാസ ലംഘനത്തിനെതിരെ സമാധാനപരമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സുപ്രീംകോടതി വിധിയുടെ മറവിൽ നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങൾ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് സർക്കാരിന്റേത്. ജനങ്ങൾ നൽകിയ അധികാരം കൈയിൽ വച്ച് ഏതു ഹീനമാർഗവും ഉപയോഗിച്ച് പാർട്ടിയുടെ നയം നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.