വൈക്കം : ഉദയനാപുരം പഞ്ചായത്തിലെ നാനാടം അക്കരപ്പാടം പ്രദേശങ്ങളെ ബന്ധിപ്പിച്ച് മൂവാറ്റുപുഴ ആറിന് കുറുകെ നിർമ്മിക്കുന്നതിനു വിഭാവനം ചെയ്ത അക്കരപ്പാടം കൂട്ടുങ്കൽ പാലം വാഗ്ദാനത്തിലൊതുങ്ങി. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് അക്കരപ്പാടം. പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാ‌ർഗം കടത്തുവള്ളമാണ്. പാലം വേണമെന്ന പ്രദേശവാസികളുടെ മുറവിളിയ്ക്ക് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. നിരന്തര പ്രക്ഷോഭത്തെ തുടർന്ന് പാലം നിർമ്മിക്കുന്നതിനായി സർക്കാർ 18 കോടി രൂപ അനുവദിക്കുകയും ടെൻഡർ നടപടികളാരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരുകരകളിലുമുള്ള ഏതാനും പേർ റോഡ് വീതി കൂട്ടാനായി സ്ഥലം വിട്ടു നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

സി.കെ.ആശ എം.എൽ.എയും മറ്റ് ജനപ്രതിധികളും സ്ഥല ഉടമകളുമായി നിരവധി തവണ ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. അക്കരപ്പാടത്തു നിന്ന് നാനാടം മാർക്കറ്റ്, ഉദയനാപുരം പഞ്ചായത്ത്, വൈക്കം താലൂക്ക് ആശുപത്രി, വൈക്കത്തെ വിവിധ സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകുന്നതിന് പ്രദേശവാസികൾ പ്രധാനമായും ആശ്രയിക്കുന്നത് കടത്തുവള്ളത്തെയാണ്. റോഡുമാർഗം പോകണമെങ്കിൽ അക്കരപ്പാടത്തു നിന്ന് ചെമ്മനാംകരിയിലൂടെ ഏഴുകിലോമീറ്ററോളം ചുറ്റി സഞ്ചരിച്ചേ നാനാടത്ത് എത്താനാകൂ. അഭിപ്രായവ്യത്യാസങ്ങൾ മറന്ന് നാടിന്റെ നന്മക്കായി എല്ലാവരും ഒരേമനസ്സോടെ നിൽക്കണമെന്ന അഭിപ്രായമാണ് പ്രദേശവാസികൾക്കുള്ളത്.