പാലാ : രാക്കുളി തിരുനാളിനോടനുബന്ധിച്ച് പാലാ കത്തീഡ്രലിൽ നടന്ന മലയുന്ത് പ്രദക്ഷിണം ഭക്തിസാന്ദ്രമായി. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസികളെ സാക്ഷിയാക്കി പുൽക്കൂടിന്റെ പ്രതീകമായ മലയെ കിഴതടിയൂർ കരക്കാർ സംവഹിച്ച് പള്ളിക്കു ചുറ്റും പ്രദക്ഷിണം നടത്തി. പ്രധാന തിരുനാൾ ദിനമായിരുന്ന ഇന്നലെ രാവിലെ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ തിരുനാൾ റാസ അർപ്പിച്ചു. വൈകിട്ട് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. രാത്രിയിൽ റേഡിയൻസ് 19-ലൈറ്റ് ആന്റ് സൗണ്ട് ഷോയും മെഗാഷോയും അരങ്ങേറി. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, സഹവികാരിമാരായ ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, ഫാ.തോമസ് ഓലായത്തിൽ എന്നിവരും ഫാ.ജോൺ കണ്ണന്താനം തുടങ്ങിയവർ നേതൃത്വം നൽകി.