കുറവിലങ്ങാട് : സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാൻ ഇടുക്കിയിൽ രണ്ടാംപവർഹൗസ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. കാണക്കാരിയിൽ അനുവദിച്ച അനർട്ട് അക്ഷയ ഊർജ്ജ സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 800 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിടുന്ന പവർഹൗസാണ് സ്ഥാപിക്കുക. ഇപ്പോൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന പവർ ഹൗസാണുള്ളത്. രാത്രികാലത്താണ് വൈദ്യുതി ഉപയോഗം വർദ്ധിക്കുന്നത്. ഇതേ വെള്ളം ഉപയോഗപ്പെടുത്തി തന്നെ രാത്രിയിൽ ഉത്പാദനം നടത്താൻ 800 മെഗാവാട്ടിന്റെ വേറൊരു പവർഹൗസ് കൂടി സ്ഥാപിച്ചാൽ നിലവിലുള്ള പ്രതിസന്ധിക്ക് അയവുവരുമെന്നാണ് കണ്ടെത്തൽ.
ജലവൈദ്യുതി പദ്ധതിയിലൂടെ അല്ലാതെ 1000 മെഗാവാട്ട് സൗരോർജ്ജ വൈദ്യുതി അനർട്ട് മുഖേന ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോൻസ്‌ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അനർട്ട് പ്രോഗ്രാം ഓഫീസർ പി.ജയചന്ദ്രൻനായർ പദ്ധതി വിശദീകരിച്ചു. ക്രൂസ് ചെയർമാൻ പി.വി സുനിൽ, ജില്ലാപഞ്ചയാത്തംഗം സഖറിയാസ് കുതിരവേലി തുടങ്ങിയവർ പ്രസംഗിച്ചു.