കോട്ടയം: വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും രോഗിയാണെന്നറിഞ്ഞപ്പോൾ പിൻമാറാൻ വേണ്ടി മർദ്ദിക്കുകയും ചെയ്‌തെന്ന കാമുകിയുടെ പരാതിയിൽ കൊല്ലാട് മലമേൽക്കാവ് പനച്ചിക്കൽ കിരൺ ജോസഫിനെ (29) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തു. മൂന്നു ദിവസം മുൻപ് പായിപ്പാട് സ്വദേശിനിയുമായി വിവാഹം നടന്നതിനു പിന്നാലെയാണ് പത്തനംതിട്ട സ്വദേശിനിയായ കാമുകിയുടെ പരാതിയിൽ ഇയാൾ അറസ്റ്റിലായത്.
രണ്ടു വർഷം മുൻപാണ് പരാതിക്കാരിയുമായി ഇയാൾ അടുപ്പത്തിലായത്. തന്നെ കൊല്ലാട്ടെ കിരണിന്റെ വീട്ടിലുൾപ്പെടെ കൊണ്ടുവരികയും പലവട്ടം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് യുവതി പരാതിയിൽ പറയുന്നു. ഇതിനിടെ ഇയാൾ വിദേശത്തേയ്‌ക്കു പോയി. യുവതി ഹൃദയവാൽവിന് തകരാർ ഉൾപ്പെടയുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രിയിലായതറിഞ്ഞ് കിരൺ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. കിരൺ നാട്ടിലുണ്ടെന്നറിഞ്ഞ് ഒരാഴ്‌ച മുൻപ് യുവതി കാണാനെത്തി. കിരണും പിതാവും യുവതിയെ ചങ്ങനാശേരി ഭാഗത്തേയ്‌ക്ക് കാറിൽ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചതായി പരാതിയിൽ പറയുന്നു. പരിക്കേറ്റ യുവതി ചങ്ങനാശേരിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും വെസ്റ്റ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ നടപടി വൈകിയതോടെ യുവതി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. തുടർന്നാണ് യുവതിയുടെ മൊഴിയെടുത്ത് ഈസ്റ്റ് പൊലീസ് പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയെ മർദിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി അന്വേഷിക്കണമെന്നും ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു. ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിൽ പ്രതിയെ മൂന്നാറിൽ നിന്നാണ് അറസ്റ്റു ചെയ്തത്. കോടതി കിരണിനെ റിമാൻഡ് ചെയ്‌തു.