കോട്ടയം: കുമാരനല്ലൂർ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് മാല മോഷ്‌ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. തമിഴ്‌നാട് കോയമ്പത്തൂർ രത്തിനപുരി സമ്പത്ത് സ്ട്രീറ്റിൽ സെന്തിൽകുമാറിനെയാണ് (48) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയായിരുന്നു മോഷണം. കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപത്തെ കാണിക്കവഞ്ചി തകർത്ത് മാല മോഷ്‌ടിച്ച ശേഷം പ്രതി നാഗമ്പടം ഭാഗത്ത് എം.സി റോഡിലിരുന്ന പുത്തനങ്ങാടി സ്വദേശി ഷാജിയുടെ സ്‌കൂട്ടറും മോഷ്‌ടിച്ചു. സ്‌കൂട്ടർ മോഷ്‌ടിച്ച വിവരം ലഭിച്ച പൊലീസ് നഗരത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയ വിവരം ലഭിച്ചത്. ജില്ലയിലെ വിവിധ മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
രാത്രിയിൽ റെയിൽവേ സ്റ്റേഷനുകളിൽ വന്നിറങ്ങി ഇതിനടുത്ത പ്രദേശങ്ങളിൽ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. ഇത്തരത്തിൽ ജില്ലയിൽ ഏറ്റുമാനൂരിലും നഗരത്തിലും വിവിധ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. ഗാന്ധിനഗർ എസ്.ഐ മനു വി.നായരുടെ നേതൃത്വത്തിൽ ട്രാഫിക് എസ്.ഐ അജേഷ്, എ.എസ്.ഐ ഷിബു, സി,പി. ഒ ധനേഷ് എന്നിവർ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകി.