tarish

തലയോലപ്പറമ്പ് : പ്രളയത്തിൽ സകലതും തകർന്നടിഞ്ഞ മറവൻതുരുത്തിനെ അതിജീവനത്തിന്റെ പാതയിലേയക്ക് നയിക്കാൻ യുവാക്കളുടെ കൂട്ടായ്മ നടത്തിയ നെൽക്കൃഷിയിൽ നൂറുമേനി വിളവ്. ആലിൻചുവട് സൗഹൃദം എസ്.എച്ച് ഗ്രൂപ്പ് ഒരുക്കിയ നെൽക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കുട്ടികളും വയോധികരും സ്ത്രീകളുമടക്കം ആട്ടവും പാട്ടുമായി ഉത്സവലഹരിയിലാക്കി. പതിറ്റാണ്ടുകളായി തരിശു കിടന്ന നിലത്തിൽ പൊന്നുവിളയിച്ച സൗഹൃദ കൂട്ടായ്മയിൽ അഭിഭാഷകർ, പൊലീസ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, ഇതര സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ ഉൾപ്പെടുന്നു. കൃഷിക്ക് ശക്തി പകരാൻ സൗഹൃദം വനിതാഗ്രൂപ്പും കുട്ടികളുടെ കൂട്ടായ്മയുമുണ്ടായിരുന്നു. നെൽക്കൃഷിക്കു പുറമെ സംഘം വിപുലമായി ഏത്തവാഴക്കൃഷി, മൽസ്യക്കൃഷി എന്നിവയും നടത്തുന്നുണ്ട്. അടുത്തതായി പച്ചക്കറി കൃഷിയിലേക്ക് കടക്കാനാണ് തീരുമാനം. കൊയ്ത്തി നോടനുബന്ധിച്ച് പൂജയും പായസവിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടൻ, ആദ്യകാല കർഷക തൊഴിലാളി കുളങ്ങരയിൽ കമലാക്ഷി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സൗഹൃദം പുരുഷ സ്വയംസഹായ പ്രസിഡന്റ് എസ്.വി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ഭാസ്‌ക്കരൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മല്ലിക, അഡ്വ.പി.വി കൃഷ്ണകുമാർ ,ബിന്ദു സുനിൽ കൃഷി ഓഫീസർ റെയ്ച്ചൽ സോഫിയ അലക്‌സാണ്ടർ എന്നിവർ നേതൃത്വം നൽകി.