കോട്ടയം: നഗരപ്രദേശങ്ങളിൽ കുടുംബശ്രീ സംവിധാനത്തെ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ സംഘടിപ്പിച്ച ' സ്‌പർശം ' കാമ്പയിനിലൂടെ ജില്ലയിൽ 177 പുതിയ അയൽക്കൂട്ടങ്ങൾ രൂപീകരിച്ചു. കേന്ദ്രസർക്കാരിന്റെ എൻ.യു.എൽ.എം (ദേശീയ നഗര ഉപജീവന ദൗത്യം) പദ്ധതിയുടെ ഭാഗമായി നഗരസഭകൾ കേന്ദ്രീകരിച്ച് 2018 ഫെബ്രുവരി 20 മുതൽ മാർച്ച് 19 വരെയായിരുന്നു കാമ്പയിൻ സംഘടിപ്പിച്ചത്.

നഗരപ്രദേശങ്ങളിൽ കുടുംബശ്രീയിൽ അംഗമല്ലാത്ത അർഹരായവർ, നിർജീവമായ അയൽക്കൂട്ടങ്ങൾ, ബാങ്ക് വായ്പ ലഭ്യമാകാത്ത അയൽക്കൂട്ടങ്ങൾ, ഗ്രേഡിംഗ് പൂർത്തിയാക്കാത്ത അയൽക്കൂട്ടങ്ങൾ, തൊഴിൽ നൈപുണ്യ പരിശീലനം ആവശ്യമുള്ളവർ, സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവർ എന്നിവരെ കണ്ടെത്തുക, ദേശീയ നഗര ഉപജീവന ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ നഗരകേന്ദ്രീകൃത പദ്ധതികളെക്കുറിച്ച് അയൽക്കൂട്ടാംഗങ്ങൾക്ക് ബോധവത്ക്കരണം നൽകുക, എൻ.യു.എൽ.എം, എസ്‌.ജെ.എസ്.ആർ.വൈ (സ്വർണ ജയന്തി ഷെഹരി റോസ്ഗാർ യോജന) തുടങ്ങിയ പദ്ധതികൾ അനുസരിച്ച് സൂക്ഷ്മ സംരംഭങ്ങൾ ആരംഭിച്ചവർക്ക് ടെക്‌നോളജി ഫണ്ട്, റിവോൾവിംഗ് ഫണ്ട് തുടങ്ങി കുടുംബശ്രീയുടെ സഹായങ്ങളെക്കുറിച്ച് അറിവ് പകരുക, നഗര പ്രദേശങ്ങളിലെ പദ്ധതി നിർവഹണത്തിന് നഗരതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന കുടുംബശ്രീ മിഷനുമായി സഹകരിച്ച് കേന്ദ്രസർക്കാർ കാമ്പയിന് തുടക്കമിട്ടത്.

പി.എം.എ.വൈ, എൻ.യു.എൽ.എം എന്നിവയുടെ കീഴിലുള്ള സിറ്റി മിഷൻ മാനേജർമാർ,ജില്ലാ മിഷൻ കോ-ഒാർഡിനേറ്റർ, നഗരസഭാ സെക്രട്ടറിമാർ, സി.ഡി.എസ് ചെയർപേഴ്‌സൺമാർ എന്നിവരാണ് പദ്ധതിക്ക് ചുക്കാൻ പിടിച്ചത്. ശിൽപ്പശാല, പ്രത്യേക കൗൺസിൽ യോഗങ്ങൾ, എ.ഡി.എസ്, പ്രത്യേക അയൽക്കൂട്ടതല യോഗങ്ങൾ എന്നിവ സംഘടിപ്പിച്ചായിരുന്നു വിവരശേഖരണം. പുതിയതായി രൂപീകരിച്ച അയൽക്കൂട്ടങ്ങൾക്ക് പ്രവർത്തനങ്ങൾ ആരംഭിക്കാൻ ആദ്യ ഘട്ടത്തിൽ 10000 രൂപ വീതം വിതരണം ചെയ്യും.പദ്ധതിയിലൂടെ പ്രവർത്തനരഹിതമായ 136 അയൽക്കൂട്ടങ്ങളിൽ 64 എണ്ണത്തെ സജീവമാക്കി.

പുതിയ അയൽക്കൂട്ടങ്ങൾ

കോട്ടയം : 107

ചങ്ങനാശേരി : 26

ഏറ്റുമാനൂർ : 22

ഈരാറ്റുപേട്ട : 32

പാലാ : 9

വൈക്കം : 10

'' 2018 - 19 സാമ്പത്തിക വർഷത്തോടെ അർഹരായ മുഴുവൻ വ്യക്തികളെയും കുടുംബശ്രീ സംഘടനാ സംവിധാനത്തിൽ ഉൾപ്പെടുത്തുന്നതിനും സഹായം ലഭ്യമാക്കുന്നതിനും നൂതന മാർഗം അവലംബിക്കുകയാണ് സ്‌പർശം കാമ്പയിനിൽ ലക്ഷ്യമിട്ടത്. ഇതിനായി ഒരു വർഷം കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ 408 പുതിയ അയൽക്കൂട്ടങ്ങളാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ സംഘടനാ സംവിധാനം 100 ശതമാനം പ്രവർത്തന സജ്ജമാക്കി നഗരദരിദ്രരെ സംരക്ഷണവലയത്തിലാക്കാൻ പദ്ധതിക്ക് കഴിയും''

ബിനു ജോർജ് (സിറ്റി മിഷൻ മാനേജർ , എൻ.യു.എൽ.എം )