ചങ്ങനാശ്ശേരി: എം.സി റോഡിൽ മുനിസിപ്പൽ പാർക്കിനു സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ മാരുതി കാറിലും ബൈക്കിലും കൂട്ടിയിടിച്ചു ആറുപേർക്ക് പരിക്ക്. മാരുതി കാറിൽ സഞ്ചരിച്ച ഒരു കുടുംബത്തിലെ അഞ്ചുപേർക്കും ബൈക്ക് യാത്രികനുമാണ് പരിക്കേറ്റത്. ആലപ്പുഴ ബീച്ചിൽ പോയി മടങ്ങിവന്ന ഇത്തിത്താനം സ്വദേശികളായ കണ്ണമംഗലം വീട്ടിൽ
രതി (42),ബന്ധുക്കളായ അപ്പു (20),ഉഷ (52),ഗായത്രി (17),ടിറ്റി (14) ബൈക്ക് യാത്രികനായ മാന്നാനം മുകളാൽ പറമ്പിൽ ലിജോ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതി, അപ്പു, ലിജോ എന്നിവർക്കു കാര്യമായ പരിക്കുണ്ട്. ഇന്നോവയിൽ സഞ്ചരിച്ചവർക്ക് പരിക്കില്ല.
ഞായറാഴ്ച രാത്രി 8.45 നാണ് അപകടം. കോട്ടയത്തു നിന്നു വന്ന ഇരവിപേരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ചങ്ങനാശ്ശേരിയിൽ നിന്നും വന്ന മാരുതി കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ഇന്നോവ ബൈക്കിലും സമീപത്തെ യൂസ്ഡ് കാർ വിൽപന ഷോറൂമിന്റെ ഗേറ്റും തകർത്ത് അകത്ത് പാർക്ക് ചെയ്തിരുന്ന കാറിലിടിച്ച ശേഷമാണ് നിന്നത്.
ചങ്ങനാശ്ശേരി പൊലീസെത്തി നടപടി സ്വീകരിച്ചു