കോട്ടയം:ശബരിമല യുവതീപ്രവേശന വിഷയത്തിൽ പൊലീസിനെ ആക്രമിക്കാൻ തെരുവിൽ കലാപം നടത്തുന്നവർക്ക് പദ്ധതി തയ്യാറാക്കി നൽകിയത് ശബരിമല കർമ്മ സമിതി നേതാവ് കൂടിയായ മുൻ ഡി.ജി.പി ടി.പി സെൻകുമാറാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പത്രസമ്മേളനത്തിൽ ആരോപിച്ചു. ഹർത്താലിന്റെ ഭാഗമായി നടക്കുന്ന അക്രമങ്ങൾക്ക് ആഹ്വാനം ചെയ്‌തവരാണ് ഉത്തരവാദിയെന്നാണ് ഡി.ജി.പി ആയിരിക്കുമ്പോഴുള്ള സെൻകുമാറിന്റെ നിലപാട്. ഈ നിലപാട് തന്നെയാണ് ഇപ്പോഴുമെങ്കിൽ അദ്ദേഹത്തിനെതിരെ കേസെടുക്കണം. പ്രതിപക്ഷ നേതാവ് ആർ.എസ്.എസ് പ്രചാരകന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. കലാപം നടത്തുന്നവരെ പിന്തുണയ്‌ക്കുന്ന എൻ.എസ്.എസിന്റെ നിലപാട് ആത്മഹത്യാപരവും അപമാനകരവുമാണ്. ആ‌ർ.എസ്.എസിനെ വെള്ളപൂശാൻ പത്രക്കുറിപ്പ് ഇറക്കുംമുൻപ് തങ്ങളുടെ കോളേജുകൾക്കു നേരെ ആർ.എസ്.എസ് നടത്തിയ ആക്രമണങ്ങളെപ്പറ്റി എൻ.എസ്.എസ് ഓർമ്മിക്കുന്നത് നന്നായിരിക്കും. വിമോചന സമരത്തിന്റെ ഓ‌‌ർമ്മകൾ കിടക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ പ്രസ്‌താവനകൾ ഇറക്കുന്നത്. ഇത്തരം നീക്കങ്ങൾ ജനങ്ങൾ തള്ളിക്കളയും. യുവതീപ്രവേശന വിഷയത്തിൽ എസ്.എൻ.ഡി.പിക്ക് വ്യത്യസ്‌ത നിലപാടുണ്ട്. അതു നിലനിൽക്കെയാണ് അവർ വനിതാമതിലിൽ പങ്കെടുത്തതെന്നും റഹീം പറഞ്ഞു.